തിരുവനന്തപുരം: സംസ്ഥാനത്തെവിടെനിന്നും ഭൂമി കൈമാറ്റം നടത്താനായി കേരള രജിസ്ട്രേഷൻ ആക്ടിൽ ഭേദഗതി വരുത്താനുള്ള നടപടി തുടങ്ങി. ഏതു സബ് രജിസ്ട്രാർ ഓഫീസിലിരുന്നും സംസ്ഥാനത്തെവിടെയുമുള്ള ഭൂമിയുടെ ആധാരങ്ങൾ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നടപടി. ഇതിനായി കേരള രജിസ്ട്രേഷൻ ആക്ട് ആൻഡ് റൂൾസിലെ ചട്ടം 30ൽ ഭേദഗതി വരുത്തും.
ഇതോടൊപ്പം വകുപ്പിലെ ഓണ്‍ലൈൻ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന പേൾ (പാക്കേജ് ഓഫ് എഫക്ടീവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോ) സോഫ്റ്റ്വെയറിലെ മൊഡ്യൂൾ പരിഷ്കരിക്കുന്നതിനുള്ള നടപടികളും തുടങ്ങി. നിലവിൽ അതത് ജില്ലയിലെവിടെയുമുള്ള ഭൂമിയുടെ കൈമാറ്റം മാത്രമാണു സാധ്യമാകുന്നത്. ഇതിനായി ജില്ലാ രജിസ്ട്രാറോടു ചേർന്നുള്ള അമാൽഗമേറ്റഡ് രജിസ്ട്രാർക്ക് ജില്ലയിലെവിടെയുമുള്ള ആധാരങ്ങൾ രജിസ്റ്റർ ചെയ്യാനാകും. ഇതു സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകിയിട്ടുള്ളത്.
നിലവിൽ ഭൂമിയുടെ രേഖകൾ ഓണ്‍ലൈനാക്കിയെങ്കിലും ഇത് അതതു പരിധിയിലുള്ള സബ് രജിസ്ട്രാർ ഓഫീസുകൾക്കും ജില്ലാ രജിസ്ട്രാർക്കും സംസ്ഥാന തലത്തിൽ രജിസ്ട്രേഷൻ വകുപ്പ് അധികൃതർക്കും മാത്രമാണു ലഭ്യമാകുന്നത്. ഒരു സബ് രജിസ്ട്രാർക്ക്, മറ്റൊരു സബ് രജിസ്ട്രാറുടെ അധികാര പരിധിയിലുള്ള ഭൂമിയുടെ രേഖകൾ ഓണ്‍ലൈനിൽ ലഭ്യമല്ല.
ഇതു ലഭ്യമാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പേൾ മൊഡ്യൂളിൽ മാറ്റം വരുത്തുന്നത്. ഇതിനായി നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുകയും ഇതിനു നിയമസഭയുടെ അംഗീകാരം നേടുകയും വേണം.
സംസ്ഥാന വ്യാപകമായി ഭൂമിയുടെ രേഖകൾ ഉപയോഗിക്കാൻ കഴിയുന്പോൾ, രേഖകളിൽ കൃത്രിമം നടത്താനുള്ള സാധ്യതകളും ഏറെയാണ്. സബ് രജിസ്ട്രാർമാർക്ക് പ്രത്യേക കോഡ് ഉപയോഗിച്ചു സംസ്ഥാനത്തെവിടെയുമുള്ള ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്താൻ കഴിയുന്പോൾ, തട്ടിപ്പു നടക്കാനുള്ള സാധ്യത ഏറെയാണെന്നു രജിസ്ട്രേഷൻ വകുപ്പ് കണക്കുകൂട്ടുന്നു. തട്ടിപ്പു സാധ്യത പൂർണമായി തടഞ്ഞു കൊണ്ടുള്ള മൊഡ്യൂൾ പരിഷ്കരണമാണു ലക്ഷ്യമിടുന്നത്. ഇതിനായി നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെയാണ് (എൻഐസി) ചുമതലപ്പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള ഓണ്‍ലൈൻ സംവിധാനത്തിൽ പോലും ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്താനുള്ള എഡിറ്റ് സംവിധാനം അതതു സബ് രജിസ്ട്രാർമാർക്കും ജില്ലാ തലത്തിലെ അമാൽഗമേറ്റഡ് സബ് രജിസ്ട്രാർക്കുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈൻ ആധാരങ്ങൾ നിശ്ചിത ഫീസൊടുക്കി എടുക്കുന്നതിനായി പൈലറ്റ് പ്രോജക്ടായി ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലുള്ളവർക്കും ആധാരത്തിൽ മാറ്റം വരുത്താനാകില്ല.
രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ് ഇ- പേയ്മെന്റായി ഒടുക്കാൻ ഓണ്‍ലൈൻ സംവിധാനം നിലവിലുണ്ട്. ഭൂമിയുടെ കൈമാറ്റത്തിനുള്ള ആധാര രജിസ്ട്രേഷനുള്ള ടൈം സ്ളോട്ട് എടുക്കുന്നതിനായി ഓണ്‍ലൈൻ ടോക്കണ്‍ സംവിധാനം സംസ്ഥാനത്ത് എവിടെനിന്നും എടുക്കാനാകുമെങ്കിലും രജിസ്ട്രേഷൻ നടപടികൾ സാധ്യമായിരുന്നില്ല. ഇ- ടോക്കണ്‍ ഉപയോഗിച്ച് ആധാരം രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിലോ അതതു ജില്ലയിലെ അമാൽഗമേറ്റഡ് രജിസ്ട്രാർ ഓഫീസിലോ ആണു പോകേണ്ടിവരുന്നത്.
കെ. ഇന്ദ്രജിത്ത്
സംസ്ഥാനത്തെവിടെനിന്നും ഭൂമി കൈമാറ്റം: രജിസ്ട്രേഷൻ ആക്ട് ഭേദഗതി ചെയ്യുന്നു
01:08 AM Dec 09, 2019 | Deepika.com