മഞ്ചേരി: കോണ്‍ഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സ് കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഥമ സംസ്ഥാന സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ് ലിൻഗ്വ ഫാന്റ ’19 മഞ്ചേരി ബഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു.
കേരളത്തിലെ 24 സഹോദയകളെ പ്രതിനിധീകരിച്ചു 2400 വിദ്യാർഥികളാണ് നാലു വിഭാഗങ്ങളിലായി മത്സരിച്ചത്. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കുകയും സിബിഎസ്ഇ നിഷ്കർഷിച്ച നൂതന ഇംഗ്ലീഷ് ഭാഷാ പഠനരീതികൾ പരിചയപെടുത്തുകയുമായിരുന്നു ഫെസ്റ്റിന്റെ ലക്ഷ്യം. മേളയിൽ 366 പോയിന്റ് നേടി തൃശൂർ സഹോദയ ഒന്നാം സ്ഥാനവും 329 പോയിന്റുമായി മലപ്പുറം സഹോദയ രണ്ടാംസ്ഥാനവും 327 പോയിന്റു നേടി കോഴിക്കോട് മലബാർ സഹോദയ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വാശിയേറിയ ഇംഗ്ലീഷ് ഹ്രസ്വചിത്രം മത്സരത്തിൽ മലപ്പുറം സഹോദയയിലെ കോട്ടക്കൽ ഇസ്ലാഹിയ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മികച്ച സ്കൂളുകളായി തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ, ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശേരി, ഭാരതീയ വിദ്യാഭവൻ ചേവായൂർ കോഴിക്കോട് എന്നിവയെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് സംസ്ഥാന പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സഹോദയ മലപ്പുറം ജില്ലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ സി.സി ഉസ്മാൻ, ഡോ.എം. ദിനേശ് ബാബു, എം. ജൗഹർ, ഷംല യു. സാലിം, പി. നിസാർഖാൻ, പി. പ്രേംജിത്, സുഭാഷ് പുളിക്കൽ, ടിന ഖലീം, വിമേഷ് എന്നിവർ പ്രസംഗിച്ചു.
സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ്: തൃശൂർ സഹോദയ ചാമ്പ്യന്മാർ
12:35 AM Dec 09, 2019 | Deepika.com