കോട്ടയം: ജനവിരുദ്ധ ആസിയാൻ കരാറിൽനിന്നു പൊതുജനതാത്പര്യം പരിഗണിച്ചു ഇന്ത്യ പിന്മാറണമെന്നു കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി. 2019 ഡിസംബറിൽ നടക്കുന്ന ആസിയാൻ കരാർ അവലോകന മീറ്റിംഗിൽതന്നെ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആഗോള കരാറുകൾ ഒപ്പിടുന്നതിനു മുന്പ് പാർലമെന്റിന്റെ അംഗീകാരം തേടണമെന്നും ഭരണഘടനാ ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലുമൊക്കെ പാർലമെന്റ് അംഗീകരിച്ച ശേഷം മാത്രമേ ആഗോള കരാറുകൾ ചർച്ചചെയ്യാൻ സാധിക്കൂ. ആ മാതൃകയിൽ ഇന്ത്യൻ ഭരണഘടനയുടെ 253-ാം വകുപ്പിൽ അതിനാവശ്യമായ ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്നു രാജ്യം നേരിടുന്ന വളർച്ചാ മുരടിപ്പിനും കാർഷിക മേഖലയുടെ തകർച്ചയ്ക്കും മുഖ്യകാരണം ആഗോളകരാറുകളാണ്. ഈ ലക്ഷ്യം മുൻനിർത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി കർഷക ആഭിമുഖ്യമുള്ള എംപിമാരുടെ ഒരു ആലോചനായോഗം വിളിച്ചുകൂട്ടാനും കേരള കോണ്ഗ്രസ്- എം എംപിമാർ നേതൃത്വം നൽകും.
ആർസിഇപി കരാറിൽ നിന്നും ഇന്ത്യ താത്കാലികമായി പിന്മാറിയെങ്കിലും ഫെബ്രുവരിയിൽ വീണ്ടും ഇതുമായുള്ള ചർച്ചകളിലേക്ക് കടക്കുമെന്നും അറിയുന്നത് ആശങ്കാജനകമാണ്. കരാറിൽ പങ്കാളിയാവില്ല എന്നു ഉറപ്പാക്കണമെന്നും അതുവരെ പ്രക്ഷോഭപരിപാടി തുടരാനും യോഗം തീരുമാനിച്ചു. 14നു രാവിലെ 10നു കോട്ടയത്തു സംസ്ഥാന കമ്മറ്റി യോഗം ചേരും.
സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടാൻ പി.ജെ ജോസഫ് തീരുമാനിച്ചതോടെതന്നെ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾ തെറ്റായിരുന്നു എന്നു സ്വയം സമ്മതിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
26നു ജോസഫ് വിഭാഗം കേന്ദ്ര ഇലക്ഷൻ കമ്മീഷൻ മുന്പാകെ സമർപ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ പലരും പാർട്ടി പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണ്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു ശേഷം ഉടൻതന്നെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തീരുമാനം എടുക്കും. സംസ്ഥാന കമ്മിറ്റിയുടെ ഹാജർ ബുക്ക് തന്റെ കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന ജോയി ഏബ്രഹാം കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അതു കോടതിയിൽ ഹാജരാക്കിയില്ലെന്നു 03.08.2019 ലെ ഇടുക്കി കോടതി വിധിയിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. വ്യാജ സംസ്ഥാന കമ്മിറ്റി ലിസ്റ്റുണ്ടാക്കാനാണ് അന്നു കോടതി ആവശ്യപ്പെട്ടിട്ടും ഹാജർ ബുക്ക് നൽകാതിരുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
പി.കെ. സജീവ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ജോസ് കെ.മാണി എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ.ജയരാജ് എംഎൽഎ, പി.ടി ജോസ്, ജോസഫ് എം.പുതുശേരി, സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ, പി.എം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
ആസിയാൻ കരാറിൽനിന്ന് ഇന്ത്യ പിന്മാറണം: കേരള കോൺഗ്രസ്-എം
01:30 AM Dec 08, 2019 | Deepika.com