കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) പ്രസിഡന്റായി സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ വൈസ് പ്രസിഡന്റായും ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.
പിഒസിയിൽ ഇന്നലെ സമാപിച്ച കെസിബിസിയുടെ ശീതകാല സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തു കാലാവധി പൂർത്തിയാക്കിയ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മറ്റു പുതിയ ഭാരവാഹികൾക്കും ബൊക്കെ നൽകി.
സഭയെയും കേരളസമൂഹത്തെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ കെസിബിസി വിശദമായി ചർച്ച ചെയ്തെന്നു പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. വിശ്വാസവും പ്രേഷിതചൈതന്യവും സഭയിലാകെ ശക്തിപ്പെടുത്താൻ 2020 കേരളസഭ പ്രേഷിതവർഷമായി ആചരിക്കും. ഇതിനായി വിവിധ പരിപാടികൾക്കു രൂപം നൽകും. മൂന്നു ദിവസത്തെ കെസിബിസി സമ്മേളനത്തിൽ കേരളസഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.
മാർ ജോർജ് ആലഞ്ചേരി കെസിബിസി പ്രസിഡന്റ്
12:36 AM Dec 07, 2019 | Deepika.com