ആലപ്പുഴ: കുറഞ്ഞ വിലയ്ക്ക് കുത്തിവയ്പിനുള്ള മരുന്നുകൾ ലഭ്യമാക്കാൻ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കലിൽ(കെഎസ്ഡിപി) പുതിയ പ്ലാന്റ് ഒരുങ്ങുന്നു. ഇതിനായി ലാർജ് വോളിയം പാരൻഡ്രൽ(എൽവിപി), സ്മോൾ വോളിയം പാരൻഡ്രൽ(എസ്വിപി), ഒഫ്താൽമിക് എന്നീ പ്ലാന്റുകൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു.
2021ഓടെ പദ്ധതി യാഥാർഥ്യമാകും. 500 മല്ലി ലിറ്റർ വരുന്ന വലിയ കുപ്പികളിലെ നിർമാണത്തിനാണ് എൽവിപി പ്ലാന്റ്. ഡ്രിപ് മരുന്നുകൾ, ഗ്ലൂക്കോസ്, ഇഞ്ചക്ഷൻ മരുന്നുകൾ എന്നിവയുടെ നിർമാണത്തിനാണിത്. ഇഞ്ചക്ഷനുവേണ്ട ചെറിയ മരുന്നുകളാണ് എസ്വിപി പ്ലാന്റിൽ നിർമിക്കുക. ഒഫ്താൽമിക് പ്ലാന്റിൽ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളും നിർമിക്കും.
നിലവിലുള്ള ഫോർമുലേഷൻ പ്ലാന്റ് നവീകരിച്ചാണു പുതിയ കുത്തിവയ്പു മരുന്നുകൾക്കായുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. മരുന്നുകൾ നിർമിക്കാനുള്ള അസപ്റ്റിക് ബ്ലോ ഫിൽ സീൽ യന്ത്രങ്ങൾ സ്വിറ്റ്സർലൻഡ് കന്പനിയാണ് എത്തിക്കുക. മണിക്കൂറിൽ 2,000 കുപ്പി മരുന്നുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ യന്ത്രം. 2020 ഡിസംബറോടെ യന്ത്രങ്ങൾ കന്പനിയിലെത്തും. കസ്റ്റംസ് തീരുവ ഉൾപ്പടെ 15 കോടിരൂപയാണ് യന്ത്രങ്ങൾക്കാവുക.
ഐഎസ്ഒ ക്ലാസ് ഫൈവ് നിബന്ധനകൾ പാലിച്ചു പൂർണമായും അണുവിമുക്ത സാങ്കേതിക വിദ്യയാണ് യന്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ ഉറപ്പാക്കാനും അളവിൽ കൃത്യത ഉറപ്പാക്കാനും സാങ്കേതിക വിദ്യയുണ്ട്.
ലീക്കുകൾ ഉണ്ടാകാത്ത വിധത്തിൽ കുപ്പികൾ രൂപപ്പെടുത്താനുള്ള കഴിവും യന്ത്രങ്ങളുടെ പ്രത്യേകതയാണ്. വിദേശത്തേക്കുൾപ്പെടെ മരുന്നു കയറ്റുമതിക്കു ലക്ഷ്യം വയ്ക്കുന്ന സ്ഥാപനത്തിനു പുതിയ പ്ലാന്റ് കൂടുതൽ കരുത്തുപകരും.
കെഎസ്ഡിപിയിൽ പുതിയ പ്ലാന്റ്; മരുന്നുകൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കും
12:19 AM Dec 05, 2019 | Deepika.com