കൊച്ചി: ദൈവരാജ്യാനുഭവത്തിനു വേണ്ടത് അനുതാപവും വിശ്വാസവുമെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം. കേരള കത്തോലിക്ക മെത്രാൻസമിതിയുടെയും കേരള കാത്തലിക് കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞു ദൈവസ്നേഹത്തിന്റെ ക്രിസ്തുവിശേഷത്തിൽ വിശ്വസിക്കുന്നവരാണു ദൈവരാജ്യാനുഭവത്തിൽ ആയിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മിഷനറി മാനസാന്തരം, മിഷനറി രൂപീകരണം എന്നീ വിഷയങ്ങളിൽ റവ. ഡോ. ജോഷി മയ്യാറ്റിൽ, സിസ്റ്റർ ഡോ. മേരി പ്രസാദ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെസിസി പ്രസിഡന്റ് അഡ്വ. ജോജി ചിറയിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. വർഗീസ് വള്ളിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ഇന്നലെ വൈകുന്നേരം പിഒസിയിൽ ആരംഭിച്ച കെസിബിസി സമ്മേളനം നാളെ സമാപിക്കും.
ദൈവരാജ്യാനുഭവത്തിന് അനുതാപം വേണം: ഡോ. സൂസപാക്യം
11:28 PM Dec 04, 2019 | Deepika.com