മുണ്ടക്കയം: കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. കൂട്ടിക്കൽ കൊടുങ്ങ മംഗലത്ത് അനിൽ- ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (22) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ നടക്കും. ചെന്നൈയിൽ ജോലിയിലിരിക്കെ മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്നാണ് അഭിജിത്തിന്റെ കരൾ പ്രവർത്തനരഹിതമായത്. തുടർന്ന് കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴികളില്ലെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
കരൾ നൽകുവാൻ പിതാവ് അനിൽ തയാറായതോടെ ശസ്ത്രക്രിയയ്ക്കായി അഭിജിത്തിനെ എറണാകുളം അമൃത ആശുപത്രിയിലേക്കു മാറ്റി. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബാംഗമായ അഭിജിത്തിനായി കൂട്ടിക്കൽ പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ സമാഹരണം നടത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസമായതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മരിച്ചത്. അമൽ സഹോദരനാണ്.
കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
11:51 PM Dec 03, 2019 | Deepika.com