കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്നു പി.ജെ. ജോസഫ് എംഎൽഎ. സേവ് കേരള ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ വ്യവസായ പ്രമുഖർ, പരിസ്ഥിതി പ്രവർത്തകർ, കലാസഹിത്യ സാംസ്കാരിക പ്രമുഖർ തുടങ്ങിയവരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള ഡാം ഡി കമ്മീഷൻ ചെയ്തു പുതിയ ഡാം നിർമിക്കുന്നതിനു കേരളത്തെക്കാൾ തമിഴ്നാടിനു ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ തമിഴ്നാടിന്റെ അഞ്ചു ജില്ലകൾ വറ്റിവരണ്ട് നശിച്ചു പോകും. പുതിയ ഡാം നിർമിക്കുന്നതിനു കേരളത്തോടൊപ്പം തമിഴ്നാടും കേന്ദ്രത്തോടു ശക്തമായി സമ്മർദം ചെലുത്താൻ തയാറാകണം. അതിലൂടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സേവ്കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അമൃതാപ്രീതം പ്രമേയം അവതരിപ്പിച്ചു.
മുൻ എംപി കെ. ഫ്രാൻസീസ് ജോർജ്, ആം ആദ്മി സൗത്ത് ഇന്ത്യൻ പ്രസിഡന്റ് റെജി കെ. പൊന്നപ്പൻ, മുല്ലപ്പെരിയാർ ഉപസമിതിയുടെ അംഗമായിരുന്ന എൻജിനീയർ ജോർജ് ഡാനിയേൽ, മുല്ലപ്പെരിയാർ സമരസമിതി പ്രസിഡന്റ് ഫാ. റോബിൻ തേണ്ടാനത്ത്, എ.കെ. പുതുശേരി, കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദിലീപ്, കുരുവിള മാത്യൂസ് എന്നിവർ പ്രസംഗിച്ചു. വി.എം. ഫൈസൽ സ്വാഗതവും അനിൽ തൃപ്പൂണിത്തുറ നന്ദിയും പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയം : നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് പി.ജെ. ജോസഫ്
12:05 AM Dec 03, 2019 | Deepika.com