കഴക്കൂട്ടം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസ് ടെക്നോപാർക്കിന് സമീപം രണ്ട് കാറുകളിലിടിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ ടെക്നോപാർക്കിന് സമീപമായിരുന്നു സംഭവം. ബസ് ഓടിച്ച ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്ക് പോയ കല്ലട ബസാണ് ടെക്നോപാർക്കിന്റെ പ്രധാന കവാടത്തിന് സമീപം അപകടമുണ്ടാക്കിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലേക്കു പോയ കാറിലാണ് ബസ് ഇടിച്ചത്. രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ടതിനാൽ കാറുകാർ പോലീസിൽ പരാതി കൊടുക്കാതെ പോയി. തുടർന്ന് നിയന്ത്രണം വിട്ട ബസ് ടെക്നോപാർക്കിനു സമീപം ഓയൂർ സ്വദേശി നജീബിന്റെ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കാറിൽ നജീബിന്റെ ഭാര്യയും ഒന്നും രണ്ടും വയസുള്ള കുട്ടികളുണ്ടായിരുന്നു.ആർക്കും പരിക്കില്ല.
സംഭവം കണ്ട യാത്രക്കാർ ബസ് തടഞ്ഞിട്ടു. തുടർന്ന് പോലീസെത്തി ബസും ഡ്രൈവറേയും സ്റ്റേഷനിലെത്തിച്ചു.പരിശോധനയിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർ കൃഷ്ണൻകുട്ടി (48) മദ്യപിച്ചതായി കണ്ടെത്തിയെന്നും ഇയാൾക്കെതിരെ കേസെടുത്തതായും കഴക്കൂട്ടം പോലീസ് അറിയിച്ചു.
കാറുകളിൽ ഇടിച്ചു, കല്ലട ബസ് ഡ്രൈവർ മദ്യലഹരിയിൽ പിടിയിൽ
12:05 AM Dec 03, 2019 | Deepika.com