പാലാ: സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജില്‍ മൂന്നു ദിവസമായി നടന്ന ശാസ്ത്രപ്രദര്‍ശനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ എഐസിടിഇ ഡയറക്ടര്‍ ഡോ.രമേഷ് ഉണ്ണികൃഷ്ണന് സെന്റ് ജോസഫ് യംഗ് ഇന്നോവേഷന്‍ അവാര്‍ഡ് വിതരണവും ക്വിസ് മത്സരങ്ങളുടെ സമ്മാനദാനവും നിര്‍വഹിച്ചു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു. സാധാരണക്കാർക്കു സാങ്കേതിക വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പാലാ രൂപത ഈ കോളജ് ആരംഭിച്ചതെന്നും വിദ്യഭ്യാസം നൂതന സങ്കേതികവിദ്യയിലുള്ള പരിജ്ഞാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നത് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് എഐസിടിഇ ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. യംഗ് ഇന്നോവേഷന്‍ അവാര്‍ഡിൽ ഒന്നാം സ്ഥാനം നിവി ശ്രീധര്‍ വിനുരാജും ഒ. ശ്രീജിതും (വിഎച്ച്എസ്എസ് കണിച്ചുകുളങ്ങര, ആലപ്പുഴ) അവതരിപ്പിച്ച “ഹെല്‍പ്പര്‍ ബോട്ട്സ്’’ എന്ന പ്രോജക്ട് നേടി. രണ്ടാം സ്ഥാനവും ആന്ഫില് ഷാജോ- എൻ.എസ്. വിഷ്ണു (മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എറണാകുളം) ടീമും മൂന്നാം സ്ഥാനം അഞ്ജന കാതറിന് ബിനു - ഏഞ്ചല്‍ റോസ് ബിനു (സേക്രഡ് ഹാര്‍ട്ട് ഐഎസ്സി സ്കൂള്‍, ചങ്ങനാശേരി) എന്നിവരും നേടി.
എസ്ജെസിഇടി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം യെല്‍ദോ മാത്യു (ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍, മരട്), രണ്ടാം സ്ഥാനം കല്യാണി കിരൺ- സിറിയക് ജോര്‍ജ് (സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്), മൂന്നാം സ്ഥാനം ഹരിഗോവിന്ദ് - അഭിമന്യു സുഭാഷ് (വിവേകോദയം ബോയ്സ് എച്ച്എസ്എസ്, തൃശൂര്‍) എന്നിവരും നേടി.
പാലാ സെന്റ് ജോസഫ്സ് എൻജി. കോളജിലെ ശാസ്ത്രപ്രദർശനം സമാപിച്ചു
11:45 PM Dec 02, 2019 | Deepika.com