കാഞ്ഞങ്ങാട്: ആഞ്ഞടിച്ച പാലക്കാടൻ കാറ്റിനു മുന്നിൽ എതിരാളികൾ മുട്ടുമടക്കി. അത്യന്തം ഉദ്വേഗജനകമായ ഫോട്ടോ ഫിനിഷിംഗിൽ പാലക്കാട് കനകക്കപ്പ് കാത്തു.
നിലവിലെ ചാന്പ്യന്മാരായ പാലക്കാട് 951 പോയിന്റ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും 117.5 പവന്റെ സ്വർണക്കപ്പ് സ്വന്തമാക്കുന്നത്. കോഴിക്കോടും കണ്ണൂരും ഒരുപോലെ ഉയർത്തിയ വെല്ലുവിളി രണ്ടു പോയിന്റുകൾക്കു മറികടന്നായിരുന്നു പാലക്കാട് കിരീടമുറപ്പിച്ചത്. 949 പോയന്റുകളുമായാണ് കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടത്.
തൃശൂർ (940) മൂന്നും മലപ്പുറം (909) നാലും എറണാകുളം (904) അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാകേരളം ഒന്നാകെ കാഞ്ഞങ്ങാട് എന്ന ചെറുപട്ടണത്തിലേക്ക് ഒഴുകിയെത്തിയ നാലു ദിനരാത്രങ്ങൾക്കൊടുവിൽ കൗമാരപ്രതിഭകളുടെ പെരുങ്കളിയാട്ടത്തിന്റെ പരിസമാപ്തി പ്രൗഢഗംഭീരമായിരുന്നു. മൂന്നുദിവസത്തെ എരിയും വെയിലിന്റെ തീക്ഷ്ണത മായ്ച്ചുകൊണ്ട് തകർത്തുപെയ്ത മഴയെ സാക്ഷിനിർത്തിയാണ് സമ്മാനദാനം നടന്നത്.കലോത്സവത്തിന്റെ ആദ്യ രണ്ടുദിനങ്ങളിലും നാലാംസ്ഥാനത്തുനിന്ന പാലക്കാട് മൂന്നാംദിനം രണ്ടാം സ്ഥാനത്തേക്കും സമാപനദിവസം ഒന്നാംസ്ഥാനത്തേക്കും കുതിച്ചുകയറുകയായിരുന്നു. 161 പോയന്റിന്റെ വ്യക്തമായ ലീഡ് നേടി സ്കൂളുകളിൽ ഒന്നാംസ്ഥാനത്തെത്തിയ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിന്റെ മിന്നുംപ്രകടനം പാലക്കാടിന്റെ വിജയത്തിൽ നിർണായകമായി.
അറബിക് കലോത്സവത്തിൽ 95 പോയിന്റുമായി പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്കൃത കലോത്സവത്തിൽ തൃശൂർ, എറണാകുളം ജില്ലകൾ 95 പോയന്റോടെ ഒന്നാമതെത്തി.അപ്പീൽ പ്രളയമുണ്ടായിട്ടും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സംഘാടകർക്കു കഴിഞ്ഞു. ആകെ 642 അപ്പീലുകളിലുടെ 3061 പേരാണ് (ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെ) മത്സരിച്ചത്.ഇതിൽ ഡിഡിഇ വഴി 278 ഉം ലോകായുക്ത വഴി 324 ഉം മുൻസിഫ് കോടതി വഴി 40 അപ്പീലുകളുമാണ് പരിഗണിച്ചത്.ഏറ്റവും കൂടുതൽ അപ്പീലുകൾ വന്നത് തിരുവനന്തപുരത്തുനിന്നാണ് - 380.
ഏറ്റവും കുറവ് ഇടുക്കി ജില്ലയിൽ നിന്നുമാണ് - 54. ജില്ലകളുടെ പോയിന്റ് നില പാലക്കാട് 951, കോഴിക്കോട് 949, കണ്ണൂർ 949, തൃശൂർ 940, മലപ്പുറം 909, എറണാകുളം 904, തിരുവനന്തപുരം 898, കോട്ടയം 894, കാസർഗോഡ് 875, വയനാട് 874, ആലപ്പുഴ 868, കൊല്ലം 860, പത്തനംതിട്ട 773, ഇടുക്കി 722, ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ സ്കൂളുകൾബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആലത്തൂർ, പാലക്കാട്- 161, എൻഎസ് ബോയ്സ് എച്ച്എസ്എസ് മാന്നാർ, ആലപ്പുഴ-130, എസ് വിജിഎച്ച്എസ്എസ് കിടങ്ങന്നൂർ, പത്തനംതിട്ട-112,സിൽവർ ഹിൽസ് എച്ച്എസ്എസ്, കോഴിക്കോട്-112, എംകെഎൻഎംഎച്ച്എസ് കുമാരമംഗലം, ഇടുക്കി-109
കലാകിരീടം പാലക്കാടിന്
01:37 AM Dec 02, 2019 | Deepika.com