ചങ്ങനാശേരി: ന്യൂനപക്ഷാവകാശ ധ്വംസനങ്ങൾക്കും വിവേചനങ്ങൾക്കും താക്കീതായി ചങ്ങനാശേരിയിൽ ന്യൂനപക്ഷാവകാശ സംരക്ഷണസംഗമം. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സംഗമത്തിലും മാർ ജയിംസ് കാളാശേരി ചരമസപ്തതി ആചരണത്തിലും നൂറുകണക്കിനാളുകൾ പങ്കുചേർന്നു.
സർക്കാരുകൾക്കുള്ള മനോഭാവങ്ങളും കോടതികൾക്കുള്ള ചിന്താഗതികളും മാറിയ സാഹചര്യത്തിൽ നമുക്കുണ്ടാകേണ്ട ജാഗ്രത എത്രമാത്രം വലുതാണെന്നു മനസിലാക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ നമുക്ക് അവകാശമുണ്ടെന്നു യുവതലമുറ തിരിച്ചറിയണം
മാർ ജയിംസ് കാളാശേരി വിദ്യാഭ്യാസ, ന്യൂനപക്ഷാവകാശ രംഗങ്ങളിൽ നൽകിയ നേതൃത്വം കേരളത്തിലെ സർക്കാരുകൾക്ക് എന്നും വിഷയമായതുപോലെ ചങ്ങനാശേരി അതിരൂപതയ്ക്കു നേതൃത്വം നൽകിയ മേലധ്യക്ഷന്മാർക്കും മാർഗദർശനം പകർന്നു. എല്ലാ കാലങ്ങളിലും വിദ്യാഭ്യാസ സ്വാതന്ത്ര്യ, നൂനപക്ഷാവകാശ രംഗങ്ങളിൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടിട്ടുണ്ട്. പ്രതിസന്ധികൾ സ്വാഭാവികമാണെന്നു മനസിലാക്കി നാം മുന്നേറണം. ഇപ്പോഴത്തെ സമൂഹത്തിന്റേതായ ചിന്താഗതികളും ചിലരുടെ പ്രവർത്തന സരണികളുമാണ് ന്യൂനപക്ഷാവകാശത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും പ്രശ്നങ്ങൾ സൃഷ്ടികുന്നത്.
ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷാവകാശങ്ങൾ ലംഘിക്കുന്പോൾ അല്മായ സമൂഹം ആദ്യം രംഗത്തുവന്നു ശബ്ദമുയർത്തണം. മേലധ്യക്ഷന്മാരും വൈദികരും ഇക്കാര്യത്തിൽ ഒപ്പമുണ്ടാകും. കത്തോലിക്ക കോണ്‍ഗ്രസിന്റെ മുന്നേറ്റം സഭ പ്രതീക്ഷിക്കുന്നതായും മേജർ ആർച്ച്ബിഷപ് ഒാർമിപ്പിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മാർ ജയിംസ് കാളാശേരിയുടെ ധീരമായ നേതൃത്വം ചങ്ങനാശേരി അതിരൂപതയ്ക്കും കേരളസഭയ്ക്കും എന്നും മാർഗദർശനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭാനേതൃത്വവും സഭാംഗങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്ന ഛിദ്രശക്തികളെ തിരിച്ചറിയണം. ചർച്ച് ആക്ടിലെ ദോഷ വശങ്ങൾ സഭാംഗങ്ങൾ മനസിലാക്കണമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.
അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കൽ, ഡയറക്ടർ ഫാ. ജോസ് മുകളേൽ, കെസിബിസി പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ജോജി ചിറയിൽ, ഗ്ലോബൽ സമിതി സെക്രട്ടറി പ്രഫ. ജാൻസണ് ജോസഫ്, ജനറൽ സെക്രട്ടറി രാജേഷ് ജോണ്‍, വൈസ് പ്രസിഡന്റുമാരായ സൈബി അക്കര, ആനിസ് ജോർജ്, ട്രഷറർ സിബി മുക്കാടൻ, സെക്രട്ടറി ജോസ് വെങ്ങാന്തറ, കോർഡിനേറ്റർ ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അതിരൂപതയുടെ 16 ഫൊറോനകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ന്യൂനപക്ഷാവകാശ ധ്വംസനങ്ങൾക്കെതിരേ പ്രചാരണ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്താണു യോഗം സമാപിച്ചത്.
ന്യൂനപക്ഷാവകാശ ധ്വംസനങ്ങൾക്കു താക്കീതായി മഹാസംഗമം
01:36 AM Dec 02, 2019 | Deepika.com