കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി മലയാളി വിദ്യാർഥികൾ പോണ്ടിച്ചേരി ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍.
ഇന്ത്യയുടെ എഴുപതാം ഭരണഘടനാ ദിനാഘോഷ വേളയില്‍ ക്ഷണിക്കപ്പെട്ട സദസിനു മുമ്പാകെ ഗവര്‍ണര്‍ കിരണ്‍ ബേദി പ്ലാസ്റ്റിക് വിരുദ്ധ സന്ദേശഗാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്ലാസ്റ്റിക് കണ്ട്രോള് മിഷന്, പ്ലാന്റ് എ ട്രീ ഡയറക്ടര്‍ സുനു വിജയന് ഹിന്ദിയിലെഴുതിയ സന്ദേശഗാനം മധ്യകേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏഴു സ്കൂളുകളിലെ കുട്ടികള്‍ ആലപിച്ചു. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്കൂള്‍ സംഘത്തിനു ഗവര്‍ണര്‍ ഭവനില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, സെന്റ് ഡൊമിനിക്സ് ഹൈസ്കൂള്‍, സെന്റ് ആന്റണീസ് ആനക്കല്ല് , ബാപ്പുജി സ്കൂള്‍ കൂത്താട്ടുകുളം, സെന്റ് ജോസഫ്സ് എല്‍പി സ്കൂള്‍ ഉടുമ്പന്നൂര്‍, എസ്എന്‍ഡിപി സ്കൂള്‍ മൂവാറ്റുപുഴ, എബനേസര്‍ സ്കൂള്‍ വീട്ടൂര്‍ മൂവാറ്റുപുഴ എന്നീ സ്കൂളുകളിലെ കുട്ടികളാണ് ഗാനം ആലപിച്ചത്.
പ്ലാസ്റ്റിക് വിരുദ്ധ സന്ദേശഗാനം രാജ് നിവാസില്‍ സ്ഥിരമായി സംപ്രേഷണം ചെയ്യാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനരംഗത്തു മികച്ച അധ്യാപികയായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ജിജി പുല്ലത്തില്‍, ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ ആല്ഫിന് ടോം എന്നിവര്‍ കിരണ്‍ ബേദിയുമായി സംവദിച്ചു.
സുനു വിജയന് എഴുതി കുട്ടികള്‍ ആലപിച്ച ഹിന്ദി സന്ദേശഗാനം ഡോ. കിരൺബേദി ഐപിഎസിന്റെ ട്വിറ്റര്‍, രാജ് നിവാസിന്റെ ഔദ്യാഗിക വെബ്സൈറ്റ് എന്നിവ വഴി ഇതിനോടകം ആയിരങ്ങളാണു കണ്ടത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പാതയോരങ്ങളില്‍ മരങ്ങള്‍ നട്ടും സ്കൂള്‍ തലങ്ങളില്‍ പരിസ്ഥിതി ബോധവത്കരണം കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യുന്ന സുനു വിജയന്റെ ചിരകാല അഭിലാഷമാണ് ഭരണഘടനാദിനത്തില്‍ യാഥാര്‍ഥ്യമായത്.
സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമാധ്യാപിക സിസ്റ്റർ ഡെയ്സ് മരിയ, ഉടുന്പന്നൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ അധ്യാപകന് അനീഷ് പി.കെ. എന്നിവര്‍ നേതൃത്വം നല്കി.
പ്ലാസ്റ്റിക് വിരുദ്ധ ഗാനവുമായി മലയാളി വിദ്യാർഥിസംഘം പോണ്ടിച്ചേരി ഗവർണറുടെ വസതിയിൽ
01:36 AM Dec 02, 2019 | Deepika.com