വടക്കഞ്ചേരി: തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിനടുത്ത് വാണിയമ്പാറയിൽ നിയന്ത്രണംവിട്ട കാർ പാതയോരത്തെ കുളത്തിൽ വീണ് കാർ യാത്രികരായ ദമ്പതികൾ മരിച്ചു. കാർ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
തൃപ്പൂണിത്തറ എരൂർ ഗുഡ്എർത്ത് ഗോഡ്മാർക്ക് വില്ലയിൽ താമസിക്കുന്ന വാഴക്കുളം പാലക്കാട്ട് ബെന്നി ജോർജ് ( 54), ഭാര്യ ഷീല (51) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ശശി കർത്ത രക്ഷപ്പെട്ടു. കാലിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച കോയമ്പത്തുരിൽനിന്നു റോട്ടറി ക്ലബ്ബിന്റെ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോൾ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
കാറിനെ മറികടന്ന ലോറി തട്ടിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. നിയന്ത്രണംവിട്ട കാർ പാതയോരത്തെ ഉയരംകുറഞ്ഞ ഡിവൈഡറിൽ ഇടിച്ചുതെറിച്ചു പതിനഞ്ചു മീറ്ററോളം കുളക്കരയിലൂടെ പാഞ്ഞാണ് മുപ്പതടി താഴ്ചയുള്ള കുളത്തിലേക്കു വീണത്. എയർബാഗുകൾ പ്രവർത്തിച്ചെങ്കിലും കാർ വെള്ളത്തിൽ മുങ്ങിയതും ഡോറുകൾ ലോക്കായതും ദുരന്തത്തിന് ഇടയാക്കി. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. രണ്ടാൾ താഴ്ചയിൽ വെള്ളമുള്ള കുളമാണിത്.
ഷീലയുടെ മൃതദേഹം കാറിനുള്ളിൽനിന്നും ബെന്നിയുടെ മൃതദേഹം മുങ്ങൽവിദഗ്ധരും മറ്റും ചേർന്നുള്ള തെരച്ചിലിൽ കുളത്തിൽനിന്നുമാണ് കണ്ടെടുത്തത്. കാർ വലിച്ചുകയറ്റി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കാറിന്റെ ഡോറുകൾ സെന്റർലോക്കായിരുന്നു. പുറത്തേക്ക് തെറിച്ച ഡ്രൈവർ കുളത്തിനരികിലെ മരക്കൊമ്പിൽ പിടിച്ചുനിന്നു. ഇയാൾ ശബ്ദമുണ്ടാക്കിയതോടെയാണ് അപകടവിവരം നാട്ടുകാർ അറിഞ്ഞത്. ഓടിക്കൂടിയ പ്രദേശവാസികളും കടക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഹൈവേ പോലീസും പീച്ചി പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ സെന്റർ മോർച്ചറിയിൽ. ഇന്നു രാവിലെ 10.30 മുതൽ 12 വരെ കൊച്ചി പനമ്പിള്ളി നഗർ റോട്ടറി ക്ലബ് ഹാളിൽ പൊതുദർശനത്തിനുശേഷം സംസ്കാരം ഉച്ചകഴിഞ്ഞ് 2.30ന് മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ബെന്നി ജോർജ് വർഷങ്ങളായി എറണാകുളത്താണ് താമസം. സക്സസ് അൺ ലിമിറ്റഡ് എന്ന എച്ച്ആർ സ്ഥാപനം നടത്തിവരികയായിരുന്നു.
റോട്ടറി ക്ലബ് കൊച്ചിൻ വെസ്റ്റ് അംഗവും ഡിസ്ട്രിക്ട് സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ പാലക്കാട്ട് ജോർജ്. മാതാവ്: റിട്ട. എസ്ബിഐ മാനേജർ സെലിൻ കദളിക്കാട് കണ്ടിരിക്കൽ കുടുംബാംഗം. മരിച്ച ഷീല ഷൊർണൂർ ചെമ്മരിക്കാട്ട് സി.എം. ഏബ്രഹാം-ആനി ദമ്പതികളുടെ മകളാണ്. ഏകമകൾ: അലീന. മരുമകൻ: പാമ്പാടി മൂലത്തറ അശ്വിൻ. ഷൊർണൂർ മയിൽവാഹനം ബസ് ഉടമയുടെ ബന്ധു കൂടിയാണു മരിച്ച ഷീല.
വാണിയമ്പാറയിൽ കാർ കുളത്തിൽ വീണ് ദമ്പതികൾ മരിച്ചു
12:57 AM Dec 01, 2019 | Deepika.com