ചങ്ങനാശേരി: അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമവും മാർ ജയിംസ് കാളാശേരി അനുസ്മരണ സമ്മേളനവും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് എസ്ബി കോളജ് കല്ലറയ്ക്കൽ ഹാളിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും.
വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, അതിരൂപത ഡയറക്ടർ ഫാ. ജോസ് മുകളേൽ, കെസിബിസി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ജോജി ചിറയിൽ, പ്രഫ. ജാൻസൻ ജോസഫ്, അജേഷ് ജോൺ, സിബി മുക്കാടൻ, സൈബി അക്കര, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യൻ, ആനീസ് ജോർജ്, ജോസ് ജോൺ വെങ്ങാന്തറ എന്നിവർ പ്രസംഗിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഭരണഘടനാദത്തമായ ന്യൂനപക്ഷാവകാശങ്ങൾ കൈയടക്കുന്ന ഭരണകർത്താക്കളുടെ നടപടികളിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് അതിരൂപത ഭാരവാഹികൾ അറിയിച്ചു.
ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമം നാളെ ചങ്ങനാശേരിയിൽ
12:16 AM Nov 30, 2019 | Deepika.com