തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ മോഡൽ ഫിനിഷിംഗ് സ്കൂളിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനായി രണ്ടു പ്രത്യേക ആളുകളുണ്ടായിരുന്നു. ഈവ്, തീയ എന്നീ റോബട്ടുകൾ.
ഐഎച്ച്ആർഡിയുടെ മോഡൽ ഫിനിഷിംഗ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി റോബട്ടിക്സ് വിഭാഗത്തിൽ സംഘടിപ്പിച്ച ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യാനായി ഇന്നലെ രാവിലെ 11നു മന്ത്രിയെത്തിയപ്പോൾ ഓഫീസിനു മുന്നിൽതന്നെ ഈവ് ഉണ്ടായിരുന്നു. മന്ത്രിയെ സല്യൂട്ട് ചെയ്തു ഹാർദവമായി ഓഫീസിലേക്കു സ്വീകരിച്ചു.
തുടർന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണു തീയ എന്ന റോബട്ട് എത്തിച്ചേർന്നത്. ഉദ്ഘാടനത്തിനു നിലവിളക്കിൽ പകരാനായി ദീപം കൊണ്ടുവന്നതു തീയയാണ്. മന്ത്രിയുടെ അരികിൽ ദീപം എത്തിച്ചപ്പോൾ ഏവരും കൗതുകത്തോടെ നോക്കിനിന്നു. ദീപം മന്ത്രിക്കു കൈമാറിയ ശേഷം തീയ വേദിവിട്ടു. മോഡൽ ഫിനിഷിംഗ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നു രൂപകല്പന ചെയ്തതാണ് ഈ രണ്ടു റോബട്ടുകളും. ഉദ്ഘാടന ചടങ്ങിൽ ഈ റോബട്ടുകളായിരുന്നു ശ്രദ്ധാകേന്ദ്രം. ശാസ്ത്ര സാങ്കേതികരംഗത്തു കുതിപ്പുകൾ സ്വായത്തമാക്കാൻ ഓരോ സാങ്കേതിക വിദഗ്ധരും കഠിന പരിശ്രമം നടത്തണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി ജലീൽ പറഞ്ഞു.
ഐഎച്ച്ആർഡി ഡയറക്ടർ ഡോ.പി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഐടി പാർക്ക് സിഇഒ പി.എം. ശശി മുഖ്യപ്രഭാഷണം നടത്തി. ഐഎച്ച്ആർഡി അഡീഷണൽ : ഡയറക്ടർ ഡോ.വി.എ. അരുണ്കുമാർ സ്വാഗതവും മോഡൽ ഫിനിഷിംഗ് സ്കൂൾ ഓഫീസർ ഇൻ ചാർജ് പി.എസ്. മനേഷ് നന്ദിയും പറഞ്ഞു.
മന്ത്രിയെ സ്വീകരിക്കാൻ ‘ഈവ്’; വിളക്കുതെളിക്കാൻ ‘തീയ’
12:25 AM Nov 28, 2019 | Deepika.com