സുൽത്താൻ ബത്തേരി: ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ചതിനെത്തുടർന്ന് അടച്ചിട്ട ഗവ.സർവജന സ്കൂളിൽ അധ്യയനം പുനരാരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ക്ലാസുകളാണ് തുടങ്ങിയത്. യുപി വിഭാഗം ക്ലാസുകൾ ഡിസംബർ രണ്ടിനു പുനരാരംഭിക്കും.
വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയോടെയാണ് അധ്യയനം പുനരാരംഭിച്ചത്. വിദ്യാലയത്തിനു 100 ശതമാനം വിജയം നേടിക്കൊടുത്ത അധ്യാപകരിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിശ്വാസമുണ്ടെന്ന് കളക്ടർ പറഞ്ഞു.
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അധ്യാപകരുടെ ആത്മാർഥത തുടർന്നും ഉണ്ടാകും. അടുത്തമാസം ഒമ്പതിന് അർധവാർഷിക പരീക്ഷ തുടങ്ങുകയാണ്. പരീക്ഷയ്ക്കു മുമ്പ് കുട്ടികളെ ഒരുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഎസ്പി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇന്നലെയും വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും തെളിവെടുത്തു.
സ്കൂൾ അസംബ്ലി നടത്തി വയനാട് കളക്ടർ
11:30 PM Nov 26, 2019 | Deepika.com