കൊച്ചി: വ്യത്യസ്ത പ്രായവിഭാഗങ്ങളിൽ അഞ്ചര ലക്ഷത്തോളം പേർ പങ്കെടുത്ത കെസിബിസിയുടെ ലോഗോസ് ബൈബിൾ ക്വിസിലെ ജേതാവിനുള്ള ലോഗോസ് പ്രതിഭാ പുരസ്കാരം പതിനൊന്നു വയസുകാരിക്ക്. ഇരിങ്ങാലക്കുട രൂപതാംഗം മെറ്റിൽഡ ജോണ്സണാണു രാജ്യത്തെ ഏറ്റവും വലിയ ബൈബിൾ ക്വിസിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഒന്നാം സ്ഥാനക്കാരിയായത്.
ആറു വയസു മുതൽ ബൈബിൾ സംബന്ധമായ മത്സരങ്ങളിൽ സജീവസാന്നിധ്യമായ മെറ്റിൽഡ പലവട്ടം രൂപതയിൽ ലോഗോസ് ഒന്നാം റാങ്കു നേടിയിട്ടുണ്ട്. 2017 ൽ സംസ്ഥാന തലത്തിൽ നാലാം റാങ്കും ഈ മിടുക്കി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മെഗാ ഫൈനലിൽ നേടിയ നാലാം സ്ഥാനത്തു നിന്നാണ് ഇക്കുറി ലോഗോസ് പ്രതിഭയിലേക്കുള്ള കുതിപ്പ്.
ആളൂർ കൈനാടത്തുപറന്പിൽ ജോണ്സന്റെയും അൽഫോൻസയുടെയും മകളാണ് അഞ്ചാം ക്ലാസുകാരിയായ മെറ്റിൽഡ. ആലുവ മംഗലപ്പുഴ സെമിനാരിയിൽ തത്വശാസ്ത്ര വിദ്യാർഥിയായ സഹോദരൻ ക്രിസ്റ്റോണാണു മെറ്റിൽഡയ്ക്കു കുഞ്ഞുനാളിൽ ബൈബിൾ ക്വിസിന്റെ വഴികളിൽ വലിയ പ്രോത്സാഹനമായത്. ലോഗോസ് പ്രതിഭയായാൽ വിശുദ്ധനാട്ടിൽ പോകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നതു കൂടിയായപ്പോൾ മെറ്റിൽഡ കഠിനമായി പ്രയത്നിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ മൈനർ സെമിനാരി വിദ്യാർഥിയാണു മറ്റൊരു സഹോദരൻ ആൽബിൻ.
എല്ലാ ദിവസവും പള്ളിയിൽ പോകുന്നതു ശീലമാക്കിയ മെറ്റിൽഡ സമയം കിട്ടുന്പോഴൊക്കെ ബൈബിളും ബൈബിളധിഷ്ഠിത ഗ്രന്ഥങ്ങളും വായിക്കുന്നതു പതിവാണെന്നു പിതാവ് ജോണ്സണ് പറഞ്ഞു. മകൾ ലോഗോസ് പ്രതിഭയായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആളൂർ സെന്റ് ജോസഫ് ഐസിഎസ്ഇ സ്കൂളിലെ വിദ്യാർഥിയാണു മെറ്റിൽഡ. റോമിൽ ബൈബിൾ ഉന്നതപഠനം നടത്തുകയെന്നതു മോഹമാണെന്നു മെറ്റിൽഡ പറഞ്ഞു.
സംസ്ഥാനതല മത്സരത്തിൽ ആറു പ്രായ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരെ ഉൾപ്പെടുത്തി പാലാരിവട്ടം പിഒയിലാണു ലോഗോസിന്റെ മെഗാ ഫൈനൽ നടന്നത്. 2008 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്കുള്ള എ വിഭാഗത്തിൽ അതിരൂപതയിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനക്കാരിയായാണു മെറ്റിൽഡ മെഗാ ഫൈനലിലേക്കെത്തിയത്. മെറ്റിൽഡയ്ക്കു സമ്മാനമായി വിശുദ്ധനാടു സന്ദർശനവും 25000 രൂപയുടെ കാഷ് അവാർഡും ലഭിച്ചു.
ബി വിഭാഗത്തിൽ അലീന സോജനാണ് (തൃശൂർ) ഒന്നാം സ്ഥാനത്തെത്തിയത്. അതുല്യ സെബാസ്റ്റ്യൻ, താമരശേരി, നിമ ലിന്റോ മാണ്ഡ്യ, ആനി ജോർജ് തൃശൂർ, ഏലിക്കുട്ടി തോമസ് കോതമംഗലം എന്നിവർ യഥാക്രമം സി, ഡി, ഇ, എഫ് വിഭാഗങ്ങളിൽ ഒന്നാമതെത്തി.
ബധിരർക്കായുള്ള ബൈബിൾ ക്വിസിൽ തലശേരിയിൽനിന്നുള്ള നിമ്മി ഏലിയാസ് ഒന്നാം സ്ഥാനം നേടി. കെസിബിസി ബൈബിൾ കമ്മീഷനു കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി 2000 ലാണു ലോഗോസ് ബൈബിൾ ക്വിസ് ആരംഭിച്ചത്. ലോഗോസ് ബൈബിൾ ക്വിസിൽ ഇക്കുറി കേരളത്തിനകത്തും പുറത്തും നിന്നുമായി 39 രൂപതകളിൽ നിന്നുള്ളവർ പങ്കെടുത്തു.
സിജോ പൈനാടത്ത്
റോമിൽ ബൈബിൾ പഠിക്കാൻ മെറ്റിൽഡയ്ക്ക് മോഹം
12:34 AM Nov 26, 2019 | Deepika.com