കൊച്ചി: പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ സഭയിലെ വൈദികരുടെ സംഗമം ക്ലെർജി കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്നു. സമ്മേളനത്തിൽ ജൂബിലേറിയൻമാർ പൗരോഹിത്യജീവിതാനുഭവങ്ങൾ പങ്കുവച്ചു.
സഭ പ്രേഷിതയാണെന്നും പ്രേഷിതത്വം ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്ത അടിസ്ഥാന ഘടകമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു. വൈദികർക്ക് കർദിനാൾ മെമന്റോ നൽകി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ക്ലെർജി കമ്മീഷൻ ചെയർമാൻ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകി.
ജൂബിലേറിയൻമാരായ വൈദികർ സഹകാർമികരായിരുന്നു. ക്ലെർജി കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്ങൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസിലർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, സിസ്റ്റർ ജോയ്ന എംഎസ്ജെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈദികപട്ടം സ്വീകരിക്കാനൊരുങ്ങുന്ന ഡീക്കൻമാരുടെ സംഗമം ക്ലെർജി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ മൂന്നിനു നടക്കും.
സീറോ മലബാർ ജൂബിലേറിയൻ വൈദികരുടെ സംഗമം നടത്തി
01:34 AM Nov 22, 2019 | Deepika.com