തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സംസ്ഥാന മുന്നോക്ക കമ്മീഷൻ സാമ്പത്തിക സർവേ നടത്തും. ആലപ്പുഴയിൽ നടത്തിയ കമ്മീഷൻ സിറ്റിംഗിലാണ് തീരുമാനം.
സാമ്പത്തിക സർവേയുടെ പ്രാധാന്യത്തെക്കുറിച്ച് സർക്കാരിനെ ധരിപ്പിക്കുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ പറഞ്ഞു. മുന്നോക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം.
സംസ്ഥാന കമ്മിഷൻ ജില്ലയിൽ സംഘടിപ്പിച്ച മുന്നോക്ക സമുദായ സംഘടനാ പ്രതിനിധികളുടെ പൊതു ഹിയറിംഗിൽ വിവിധ സമുദായ സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു. മുപ്പത്തിയഞ്ചോളം നിവേദനങ്ങളും സംഘടനകൾ കമ്മീഷനു സമർപ്പിച്ചു. കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് വെബ്സൈറ്റിലൂടെയോ കത്തു മുഖേനയോ പരാതികൾ അറിയിക്കാം.
മുന്നോക്ക കമ്മീഷൻ സാമ്പത്തിക സർവേ നടത്തും
12:19 AM Nov 22, 2019 | Deepika.com