കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 21-ാമതു ചൈതന്യ കാർഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രതിസന്ധികളുടെ സാഹചര്യത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണ പ്രോത്സാഹനത്തോടൊപ്പം നൂതന കൃഷി രീതികളും അവലംബിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു മന്ത്രി പറഞ്ഞു. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മിയ ജോർജ് വിശിഷ്ടാതിഥിയായിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ ജോർജ് പുല്ലാട്ട്, അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, നബാർഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് മാനേജർ കെ.ബി. ദിവ്യ, കാരിത്താസ് ഇന്ത്യ എൻആർഎം മാനേജർ വി.ആർ. ഹരിദാസ്, വിസിറ്റേഷൻ കോണ്ഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ കരുണ എസ്വിഎം, നവചൈതന്യ വികലാംഗ ഫെഡറേഷൻ പ്രസിഡന്റ് തോമസ് കൊറ്റോടം, ചൈതന്യ പാസ്റ്ററൽ സെന്റർ അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു കൊച്ചാദംപള്ളി എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിയുള്ളവർക്കായികെഎസ്എസ്എസ് നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇന്നലെ സർഗസംഗമ ദിനമായാണ് ആചരിച്ചത്. രാവിലെ കെഎസ്എസ്എസ് പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് പതാക ഉയർത്തി. തുടർന്ന് സ്പെഷൽ സ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ്പ് ഡാൻസ്, കോമഡി സ്കിറ്റ് മത്സരങ്ങളും നടത്തി. മുട്ടപ്പൂക്കള നിർമാണ മത്സരം, ദന്പതികൾക്കായി നടത്തിയ കപ്പ അരിച്ചിൽ, വനിതകൾക്കായി തേങ്ങാ പൊതിക്കൽ എന്നീ മത്സരങ്ങളും നടത്തി.
നിറക്കാഴ്ചകളുമായി ചൈതന്യ കാർഷിക മേളയ്ക്കു തുടക്കം
12:27 AM Nov 21, 2019 | Deepika.com