കൊച്ചി: വാളയാറില്‍ ദളിത് സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. പ്രോസിക്യൂഷനും പോലീസും കുറ്റം തെളിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്സോ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
കേസന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ച വിചാരണയെ ബാധിച്ചെന്ന് സര്‍ക്കാര്‍ നല്കിയ അപ്പീലിൽ പറയുന്നു. ആദ്യ കുട്ടിയുടെ മരണത്തില്‍ വാളയാര്‍ പോലീസ് ഗൗരവമായി അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാനാകുമായിരുന്നു. മുഖ്യ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതുപോലും വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിക്കാതെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മന:പൂര്‍വം വീഴ്ച വരുത്തി. പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ കോടതിക്കു മുന്നിലുണ്ടായിട്ടും മതിയായ തെളിവില്ലെന്നു വിലയിരുത്തിയാണ് കോടതി ഇവരെ വെറുതേ വിട്ടത്.
കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നല്കിയ മൊഴികള്‍ നേരിട്ടുള്ള തെളിവുകളെപ്പോലെ ബലമുള്ളതാണ്. കുറ്റകൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്തുന്ന സാഹചര്യ തെളിവുകളുമുണ്ട്. പോക്സോ കേസുകളില്‍ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നിരിക്കെ വിചാരണക്കോടതിയില്‍ ഇത്തരമൊരു സമീപനമല്ല ഉണ്ടായത്.
തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞത്. ശരിയായ വിചാരണ നിരസിക്കുന്നത് ഇരകളോടുള്ള അനീതിയാണ്. നാലു പ്രതികളെയും വെറുതേ വിട്ട നടപടി നിയമപരമല്ലാത്തതിനാല്‍ ഹൈക്കോടതി ഇടപെടണം. വിചാരണക്കോടതിയുടെ വിധി റദ്ദാക്കി തുടരന്വേഷണത്തിനും പുനർവിചാരണയ്ക്കും ഉത്തരവിടണം - അപ്പീല്‍ പറയുന്നു.
പെണ്‍കുട്ടികളുടെ അമ്മ ഈ കേസില്‍ നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പതിമൂന്നും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ പ്രതികള്‍ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കിയെന്നും പീഡനം സഹിക്കാനാവാതെ കുട്ടികള്‍ തൂങ്ങിമരിച്ചെന്നുമാണ് പ്രോസിക്യൂഷന് കേസ്. പ്രദീപ് കുമാര്‍, വലിയ മധു, കുട്ടിമധു, ഷിബു എന്നിവരാണ് 13 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍. ഇവരില്‍ പ്രദീപ് കുമാറും വലിയ മധു എന്നിവര്‍ ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.
പ്രതികളുടെ പീഡനം സഹിക്കാനാവാതെ മൂത്ത കുട്ടി 2017 ജനുവരി 13നും ഇളയകുട്ടി മാര്‍ച്ച് നാലിനും ആത്മഹത്യ ചെയ്തെന്നായിരുന്നു കണ്ടെത്തല്‍. പ്രതികള്‍ക്കെതിരേ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനാല്‍ ആറ് അപ്പീലുകളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അപ്പീലുകള്‍ ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
വാളയാർ കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്കി
12:19 AM Nov 21, 2019 | Deepika.com