തിരുവനന്തപുരം: ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേന വിദേശത്തേക്ക് നഴ്സുമാരടക്കമുള്ളവരുടെ റിക്രൂട്ട്മെന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി.പി.രാമകൃഷ്ണന്. ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അപ്പോളോ ഡിമോറയില്‍ നഴ്സുമാര്‍ക്കായി ഒഡെപെക് സംഘടിപ്പിച്ച സൗജന്യ യുകെ റിക്രൂട്ട്മെന്റിന്റെ സംസ്ഥാനതല ക്യാംപെയ്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം അഞ്ഞൂറോളം നഴ്സുമാരെയെങ്കിലും യുകെയിലേക്ക് റിക്രൂട്ട്ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഒഡെപെക് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ കാമ്പയിന് സംഘടിപ്പിക്കും. റിക്രൂട്ട്മെന്റ് തികച്ചും സൗജന്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാരെയാണ് യുകെ ആരോഗ്യവകുപ്പിനു കീഴിലുള്ള എന്‍ എച്ച് എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി തയാറാക്കിയിട്ടുള്ള ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം എന്ന പദ്ധതിയുടെ നടത്തിപ്പിനായി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടുമായി ഒഡെപെക്ക് കരാര്‍ ഒപ്പിട്ടുണ്ട്. തൊഴില്‍മന്ത്രിയും ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല സംഘം ജൂലൈയില്‍ ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ് എന്നിവിടങ്ങളിലെ എന്‍ എച്ച് എസ് ട്രസ്റ്റുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് ഇതുസംബന്ധിച്ച ഉടമ്പടിയിലെത്തിയത്.
കരാര്‍ അനുസരിച്ച് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ആറുമാസം പ്രവൃത്തിപരിചയമുള്ള നഴ്സുമാര്‍ക്ക് യുകെയിലെ പ്രമുഖ ആശുപത്രികളില്‍ മൂന്ന് വര്‍ഷം ജോലി ചെയ്യുന്നതിന് അവസരം ലഭിക്കും. അതോടൊപ്പം ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റും നേടാന്‍ കഴിയും. ആകര്‍ഷണീയമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കൊപ്പം പുതിയ സാങ്കേതികതയും അറിവും കരസ്ഥമാക്കുന്നതിന് പദ്ധതി സഹായിക്കും.
യുകെയിലേക്ക് പോകാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് മൂന്നു വര്‍ഷം ലീവ് അനുവദിക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.യുകെയിലെ നഴ്സുമാര്‍ക്കുള്ള എന്‍ എം സി രജിസ്ട്രേഷന്റെ പ്രധാനയോഗ്യതയായ ഐ ഇ എല്‍ ടി എസ്,ഒ ഇ ടി പരീക്ഷകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് യുകെ സന്ദര്‍ശനവേളയില്‍ അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷ മാത്രമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഐ ഇ എല്‍ ടി എസ്, ഒ ഇ ടി നിശ്ചിത സ്കോര്‍ നേടിയ നഴ്സുമാര്‍ക്ക് ഗ്ലോബല്‍ ലേണേഴ്സ് പ്രോഗ്രാം പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള നഴ്സുമാര്‍ക്ക് ഐ ഇ എല്‍ ടി എസ്, ഒ ഇ ടി പരീക്ഷയില്‍ നിശ്ചിത സ്കോര്‍ ലഭിക്കാനുതകുന്ന പരിശീലനവും ഒഡെപെക് നല്‍കുന്നുണ്ട്. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും ഡല്‍ഹിയിലും പരീശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പ്രതിനിധി എഡ് റോസ്, ഓപ്പറേഷന്‍സ് ആൻഡ് സപ്ലൈ മാനേജര്‍ വെയ്ന്‍ ബെന്റലൂ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.യുകെയിലെ വിവിധ എന്‍എച്ച്എസ് ആശുപത്രികളിലായി നഴ്സുമാരുടെ 45000ത്തോളം ഒഴിവുകള്‍ നിലവിലുണ്ടെന്ന് എഡ് റോസ് പറഞ്ഞു.റിക്രൂട്ട്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തില്‍ നിന്നും യുകെയില്‍ എത്തുന്ന നഴ്സുമാര്‍ക്ക് യുകെ ഗവണ്മെന്റ് ഫാമിലി വീസ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡെപെക് ചെയര്മാന് എന്‍.ശശിധരന് നായര്‍, നഴ്സിംഗ് എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്.ലത, കേരളാ നഴ്സസ് ആൻഡ് മിഡ് വൈഫ്സ് രജിസ്ട്രാര്‍ ഡോ.സലീനാ ഷാ, പ്രസന്നകുമാരി, ഒഡെപെക് എംഡി കെ.എ. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
വിദേശത്തേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി
12:08 AM Nov 21, 2019 | Deepika.com