കോഴിക്കോട്: പെന്ഷന് അനര്‍ഹമായി വാങ്ങുന്നവരെ തടയാന്‍ ജീവന്രേഖയുമായി സര്‍ക്കാര്‍ . ഗുണഭോക്താവ് മരിച്ചതിനുശേഷവും അനന്തരാവകാശികള്‍ പെന്ഷന് വാങ്ങുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നടപടി. ഇതു തടയുന്നതിനായി നിലവില്‍ പെന്ഷന് വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും ബയോ മെട്രിക് മസ്റ്ററിംഗ് നടത്തണമെന്നാണ് നിര്‍േദശം.
ഇതിനായി ജീവന് രേഖ എന്ന സോഫ്റ്റ് വേയര്‍ തയ്യാറാക്കിയിട്ടുണ്ട്. അക്ഷയകേന്ദ്രങ്ങളെയാണ് ഇതിനു പൂര്‍ണമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇത് ചെയ്തുതരിക. ആധാര്‍ കാര്‍ഡു മാത്രം കരുതിയാല്‍ മതി.
കോര്പറേഷന് മുനിസിപ്പാലിറ്റികളിലെ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് നിലവില്‍ തുടങ്ങി.ഇന്നുമുതല്‍ 30 വരെ ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കളും ക്ഷേമനിധി ബോര്‍ഡുകളിലെ ഗുണഭോക്താക്കളും അടുത്തമാസം ഒന്നുമുതല്‍ അഞ്ചുവരെ കിടപ്പുരോഗികള്‍ക്കും മസ്റ്ററംഗ് നടത്താവുന്നതാണ്. മസ്റ്ററിംഗ്ഫീസ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് അടുത്ത ഗഡുമുതല്‍ പെന്ഷന് അനുവദിക്കില്ല. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയേകേന്ദ്രം പ്രതിനിധികള്‍ വീട്ടില്‍ വന്ന് ചെയ്തുനല്‍കാനും നിര്‍േദശിച്ചിട്ടുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍ ഈ മാസം 29നകം അറിയിക്കണം.
സംസ്ഥാനത്ത് 4,68,9419 പേരാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നത്. ഇതില്‍ അഞ്ചുശതമാനത്തോളം പേര് അനര്‍ഹരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുമൂലം സര്‍ക്കാരിന് പ്രതിമാസം 29 കോടി രൂപയോളം അനര്‍ഹമായി നല്‍കേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തന്നെ ചിലവു വഹിച്ച അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നത്.
അനര്‍ഹര്‍ പെന്ഷന് വാങ്ങുന്നതു തടയാന്‍ ജീവന് രേഖ
01:21 AM Nov 18, 2019 | Deepika.com