കോലഞ്ചേരി: ഒരു രാഷ്ട്രീയ പാർട്ടിയോടും അയിത്തമില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ.
മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കും നേരേയുളള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കി നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയുടെ വടക്കൻ മേഖലാ പ്രതിഷേധയോഗവും റാലിയും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭാ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ സംഗമത്തിൽ മുൻ പിഎസ്സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സഭാ വിഷയത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പാണു സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്താനാസിയോസ്, യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, യൂഹാനോൻ മാർ മിലീത്തോസ്, യുഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തീമോത്തിയോസ്, വൈദിക ട്രസ്റ്റി ഫാ. എം. ഒ. ജോണ്‍, തോമസ് പോൾ റന്പാൻ, ഫാ. സി.കെ കുര്യാക്കോസ്, ഫാ .വർഗീസ് വർഗീസ്, ഫാ ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വീണ ജോർജ് എംഎൽഎ, വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഒരു രാഷ്ട്രീയ പാർട്ടിയോടും അയിത്തമില്ല: കാതോലിക്കാ ബാവ
01:21 AM Nov 18, 2019 | Deepika.com