മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യകാരുണ്യ അത്മാഭിഷേക ബൈബിൾ കണ്‍വൻഷനു മാന്നാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. വിശുദ്ധ ചാവറ പിതാവിന്റെ സ്വർഗപ്രവേശനത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു നടക്കുന്ന തിരുനാളിനൊരുക്കമായി 20 മുതൽ 24 വരെയാണ് കൺവൻഷൻ. മക്കിയാട് ബനഡിക്ടൻ ധ്യാന കേന്ദ്രം മുൻ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.ജോയി ചെന്പകശേരി നയിക്കും.
20ന് വൈകുന്നേരം വിശുദ്ധ കുർബാനയെത്തുടർന്നു പത്തനംതിട്ട മെത്രാൻ സാമുവേൽ മാർ ഐറേനിയോസ് കണ്വൻഷൻ ഉദ്ഘാടനംചെയ്യും. ഫാ.സെബാസ്റ്റ്യൻ ചാമത്തറ, റവ.ഡോ മാണി പുതിയിടം, ഫാ.ആന്റണി പുത്തൻകളം, ഫാ. സേവ്യർ പുത്തൻകളം, ഫാ.മാത്യു താന്നിയത്ത് എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. കണ്വൻഷൻ ദിവസങ്ങളിൽ രാവിലെ 10മുതൽ കുന്പസാരവും ഉച്ചകഴിഞ്ഞു രണ്ടു മുതൽ മൂന്നു വരെ പ്രത്യേക നിയോഗങ്ങൾക്കുവേണ്ടിയുള്ള പ്രാർഥനയും വിടുതൽ ശുശ്രൂഷയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നാലിന് വിശുദ്ധ കുർബാന,5.15ന് വചനപ്രഘോഷണം, എട്ടിന് ദിവ്യകാരുണ്യാരാധന എന്നിങ്ങനെയാണ് ക്രമീകരണം.
വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും. വിപുലമായ പാർക്കിംഗ് സൗകര്യം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിലും കെഇ സ്കൂൾ ഗ്രൗണ്ടിലും ഉണ്ടാകും. രോഗികൾക്കും പ്രായമായവർക്കും പ്രത്യേകം ഇരിപ്പടം ഒരുക്കിയിട്ടുണ്ട്.
കണ്‍വൻഷന്റെ വിജയത്തിനായി മാന്നാനം ആശ്രമം പ്രിയോർ ഫാ.സ്കറിയ എതിരേറ്റ് മുഖ്യരക്ഷാധികാരിയായും ഫാ.മാത്യു താന്നിയത്ത്, ഫാ.ആന്റണി പുത്തൻകളം, ഫാ. റ്റിനീഷ് പിണർകയിൽ, ഫാ. തോമസ് ചൂളപ്പറന്പിൽ എന്നിവർ സഹരക്ഷാധികാരികളായും വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
മാന്നാനത്ത് 20 മുതൽ ബൈബിൾ കൺവൻഷൻ
12:49 AM Nov 18, 2019 | Deepika.com