കൊച്ചി: സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യവും പ്രതിഭയും തെളിയിച്ച വ്യക്തികൾക്ക് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) നല്കുന്ന പുരസ്കാരങ്ങൾ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം പ്രഖ്യാപിച്ചു. കവിയും മണിമലക്കുന്ന് ഗവ. കോളജ് പ്രിൻസിപ്പലുമായിരുന്ന പ്രഫ. കെ.എസ്. റെക്സിന് ഗുരുശ്രേഷ്ഠ അവാർഡും പ്രമുഖപത്രപ്രവർത്തകനും എഴുത്തുകാരനുമായ ജെക്കോബിക്ക് മാധ്യമ അവാർഡും നല്‍കും. നാടകരചയിതാവ് ഫ്രാൻസിസ് ടി. മാവേലിക്കരയ്ക്കാണ് സാഹിത്യപുരസ്കാരം.
ഹോളിവുഡിലും ഇന്ത്യൻ സിനിമയിലും കലാസംവിധാനം നടത്തുന്ന ജോസഫ് നെല്ലിക്കലിനു കലാപ്രതിഭ അവാർഡും നാഷണൽ ഫിഷർമെന്റ് ഫോറത്തിന്റെ ദേശീയ സെക്രട്ടറി ടി. പീറ്ററിനു സമൂഹനിർമിതി അവാർഡും എഴുപതിലേറെ കണ്ടുപിടിത്തങ്ങൾ നടത്തിയ കെ.എക്സ്. ബെനഡിക്ടിനു വിദ്യാഭ്യാസ-ശാസ്ത്ര പുരസ്കാരവും ആലപ്പുഴയിലെ പ്രമുഖ കയർവ്യവസായി വി.എ. ജോസഫിനു സംരംഭക അവാർഡും നാടകപ്രവർത്തകയും അധ്യാപികയുമായ ഡോ. ബിയാട്രിക്സ് അലക്സിന് വൈജ്ഞാനികസാഹിത്യ അവാർഡും സമ്മാനിക്കും.
കേരളത്തിലെ പ്രമുഖ ഫുട്ബോൾ പരിശീലകനായ ഗബ്രിയേൽ ഇ. ജോസഫിനാണ് കായിക അവാർഡ്. അധ്യാപകനും പരിശീലകനും ചവിട്ടുനാടകകലാകാരനുമായ ആൻസൻ കുറുന്പത്തുരുത്തിനു യുവത അവാർഡ്. കാഷ് അവാർഡും ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ എട്ടിനു കൊല്ലത്ത് നടക്കുന്ന സമുദായദിന സമ്മേളനത്തിൽ സമ്മാനിക്കും.
സാഹിത്യവിമർശകനായ പ്രഫ. എം. തോമസ് മാത്യു, എറണാകുളം മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഷെവ. പ്രഫ. ഏബ്രഹാം അറയ്ക്കൽ, മലയാളം വാരികയുടെ പത്രാധിപർ സജി ജെയിംസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
കെആർഎൽസിസി അവാർഡുകൾ പ്രഖ്യാപിച്ചു
12:24 AM Nov 17, 2019 | Deepika.com