കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുംമൂട് മൈലപ്പള്ളിക്കടവിലിറങ്ങിയ പുതുപ്പള്ളി ഐഎച്ച്ആർഡി സ്കൂളിലെ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒരു വിദ്യാർഥിയെ നദിയിൽ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പ്ലസ്ടു സയൻസ് ഗ്രൂപ്പ് വിദ്യാർഥികളായ ചിങ്ങവനം കേളചന്ദ്രപറന്പിൽ കെ.സി. ചാക്കോയുടെ മകൻ കെ.സി. അലൻ (17), മീനടം വട്ടക്കുന്നേൽ കൊടുവള്ളിൽ കെ.സി. ജോയിയുടെ മകൻ ഷിബിൻ ജേക്കബ് (17) എന്നിവരാണു മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന വടവാതൂർ കുന്നപ്പള്ളിയിൽ കെ.കെ. പ്രസാദിന്റെ മകൻ അശ്വിൻ കെ. പ്രസാദിനായി (17) തെരച്ചിൽ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം. സ്കൂളിൽനിന്ന് ആലപ്പുഴയിലേക്കു വിനോദയാത്രയ്ക്കു പോകാൻ തീരുമാനിച്ചിരുന്നു. അശ്വിനും അലനും ഷിബിനും മറ്റു ചില കൂട്ടുകാരും വിനോദയാത്രയ്ക്കു പോയില്ല. പകരം ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ നഗരത്തിൽ വന്നു. ഇവിടെ നിന്നു പൂവത്തുംമൂട്ടിലെ തൂക്കുപാലത്തിനു സമീപത്തേക്കു പോയി.
ഇവിടെ എത്തി സെൽഫി എടുക്കുന്നതിനിടയിൽ അശ്വിന്റെയും അലന്റെയും കാലിൽ ചെളിപറ്റി. ഇതു കഴുകാനായി മൂന്നു പേരും പൂവത്തുംമൂട്ടിലെ തൂക്കുപാലത്തിന് അടിയിലെ മൈലപ്പള്ളിക്കടവിലെ ചീനിക്കുഴിയിൽ ഇറങ്ങുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനു മൊഴി നൽകി.
ഇതിനിടെ, കാൽ തെറ്റി അശ്വിൻ വെള്ളത്തിലേക്കു വീണു. അശ്വിന്റെ കൈയിൽ പിടിത്തം കിട്ടിയ അലൻ പിന്നാലെ വെള്ളത്തിലേക്കു മറിയുകയായിരുന്നു. ഇരുവരെയും രക്ഷിക്കാനായി ഷിബിനും പിന്നാലെ ചാടി.
മൂന്നു പേരും വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചു. സമീപത്ത് കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരുന്ന അയ്മനം പുലിക്കുട്ടിശേരി പുത്തൻതോട് കുന്നുമ്മാത്ര കെ.പി. റെജി വെള്ളത്തിൽ ചാടിയെങ്കിലും ഇവരെ രക്ഷിക്കാൻ സാധിച്ചില്ല.
വൈകുന്നേരം നാലോടെ അലന്റെയും ഷിബിന്റെയും മൃതദേഹം കണ്ടെത്തി. ഇരുവരുടെയും മൃതദേഹം ഇന്നു പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. അശ്വിനു വേണ്ടിയുള്ള തെരച്ചിൽ ഇന്നു തുടരും.
അലന്റെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം പരുത്തുംപാറ സിഎസ്ഐ ആംഗ്ലിക്കൻ ചർച്ചിൽ നടക്കും.
മീനച്ചിലാറ്റിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
12:58 AM Nov 16, 2019 | Deepika.com