ചേർത്തല/ ചെറുതോണി: നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാക്കൾ മരിച്ചു. ഇടുക്കി വാഴത്തോപ്പ് കേശമുനി വട്ടക്കുന്നിൽ ജോസഫിന്റെ മകൻ ജ്യോതിഷ് (28), ഇടുക്കി കഞ്ഞിക്കുഴി പഴയരികണ്ടം മൈലപ്പുഴ പേഴനാൽ ഉണ്ണികൃഷ്ണന്റെ മകൻ സംഗീത് (20) എന്നിവരാണ് മരിച്ചത്.
ചേർത്തല കോടതി കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു ജംഗ്ഷനു സമീപമുള്ള ബേക്കറിയുടെ ഇരുന്പു തൂണിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് സംഭവം മറ്റുള്ളവർ അറിഞ്ഞത്. അപ്പോഴേക്കും സംഗീത് മരിച്ചിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട വാഹനയാത്രക്കാർ അറിയിച്ചതിനെത്തുടർന്നു പോലീസെത്തിയാണ് ജ്യോതിഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചത്.
എന്നാൽ ഇന്നലെ ഉച്ചയോടെ ജ്യോതിഷും മരണത്തിനു കീഴടങ്ങി. അലുമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യുന്ന ഇരുവരും ചേർത്തല കുറുപ്പംകുളങ്ങരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. സംഗീതിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. അമ്മ: ഷോളജ കീരിത്തോട് കല്ലുവെട്ടത്ത് കുടുംബാംഗം. സഹോദരങ്ങൾ: വീണ, ശ്രുതി. ജ്യോതിഷിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. അമ്മ: സാലി വാഴത്തോപ്പ് ചെന്പേത്തിൽ കുടുംബാംഗം. സഹോദരൻ ജോബി.
നിയന്ത്രണം വിട്ട ബൈക്ക് ഇരുന്പുപോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു
11:52 PM Nov 15, 2019 | Deepika.com