തിരുവനന്തപുരം: ഇക്കഴിഞ്ഞ മാർച്ച് 31നു മുന്‍പ് സർവീസിൽ പ്രവേശിച്ചു ജോലി ചെയ്തു വരുന്ന കെ ടെറ്റ് യോഗ്യത നേടാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്കു മറ്റു വിധത്തിൽ യോഗ്യത ഉണ്ടെങ്കിൽ നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവ്. ഈ തീയതി വരെ നിയമിതരായ അധ്യാപകർക്കു കെ ടെറ്റ് പാസാകാനുള്ള കാലാവധി അടുത്ത അധ്യയന വർഷം തുടങ്ങുന്നതു വരെ നീട്ടി നൽകും. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
2009ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അധ്യാപകരായി നിയമനം ലഭിക്കുന്നതിനു ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസാകണമെന്നു നിർബന്ധമാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
2012 ജൂണ്‍ ഒന്നു മുതൽ റഗുലർ ഒഴിവിൽ നിയമിതരായ സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂൾ അധ്യാപകരും കെ ടെറ്റ് പാസാകണമെന്നാണു നിഷ്കർഷിച്ചിരുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ഇതിന് ഇളവു നൽകിയിരുന്നു. ഈ ഇളവു പ്രയോജനപ്പെടുത്തിയ ഒരു വിഭാഗം കെ ടെറ്റ് പാസാകുകയും അവർക്കു നിയമനാംഗീകാരം ലഭിക്കുകയും ചെയ്തു.
എന്നാൽ, കെ ടെറ്റ് പാസായില്ല എന്ന ഒറ്റകാരണത്താൽ ഒരു വിഭാഗം അധ്യാപകർക്കു നിയമനാംഗീകാരവും ശന്പളവും ഇല്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ യോഗ്യത നേടാൻ കഴിയാത്തവർക്ക് ടെസ്റ്റ് പാസാകുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ടു കൊണ്ടു കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
നടപ്പു സാന്പത്തിക വർഷത്തിന്റെ പകുതി പിന്നിട്ട സാഹചര്യത്തിൽ സാമാന്യ നീതി മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
നിയമന സമയത്തു യോഗ്യത ഇല്ലാതിരിക്കുകയും പിന്നീടു യോഗ്യത നേടുകയും ചെയ്ത അധ്യാപകരുടെ ഇൻക്രിമെന്റ്, പ്രൊബേഷൻ ഡിക്ലറേഷൻ എന്നിവ സംബന്ധിച്ച ഉത്തരവ് പിന്നീടു പുറപ്പെടുവിക്കും.
കെ ടെറ്റ് നേടാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് താത്കാലിക അംഗീകാരം
11:52 PM Nov 15, 2019 | Deepika.com