തിരുവനന്തപുരം: വാറ്റ് നികുതി കുടിശികയുടെ പേരിൽ വ്യാപാരികൾക്ക് തെറ്റായ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ടു ജിഎസ്ടി കമ്മീഷണറായിരുന്ന ടിങ്കു ബിസ്വാളിനെ മാറ്റാൻ മന്ത്രിസഭാ തീരുമാനം. ധനമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് അവധിയിൽ പോയ ടിങ്കു ബിസ്വാളിനു പകരം ആനന്ദ് സിംഗിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. ആനന്ദ് സിംഗ് പൊതുമരാമത്ത് സെക്രട്ടറിയുടെ ചുമതല തുടർന്നും വഹിക്കും.
ടിങ്കു ബിസ്വാളിനെ പാർലമെന്ററി അഫയേഴ്സ് സെക്രട്ടറിയായി മാറ്റി നിയമിക്കാനാണു തീരുമാനം. വാറ്റ് നികുതി കുടിശിക തെറ്റായ കണക്കാക്കിയാണു വ്യാപാരികൾക്കു നോട്ടീസ് അയച്ചതെന്നും ഇക്കാര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായതായും കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ടിങ്കു ബിസ്വാളിനോട് അവധിയിൽ പോകാനും മന്ത്രി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണു മാറ്റം. 52,000 വ്യാപാരികൾക്കാണു നോട്ടീസ് അയച്ചത്. ഇതേത്തുടർന്നു വ്യാപാരി- വ്യവസായി സംഘടനകൾ സമരവുമായി രംഗത്തെത്തിയിരുന്നു.
* മലബാർ സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടറായി മുഹമ്മദലിയെ (ആനന്ദ് നഗർ, തൃശിനാപ്പള്ളി) നിയമിച്ചു.
* കൊച്ചി മെട്രോയിലെ 12 തസ്തികകൾക്ക് 2019 ഏപ്രിൽ ഒന്നു മുതൽ തുടർച്ചാനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
വാറ്റ് കുടിശിക നോട്ടീസ്: ജിഎസ്ടി കമ്മീഷണർ ടിങ്കു ബിസ്വാളിനെ മാറ്റി
12:29 AM Nov 14, 2019 | Deepika.com