മൂവാറ്റുപുഴ: സിബിഎസ്ഇ സംസ്ഥാന കലോത്സവം ഇന്നു മുതൽ 17 വരെ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിനു സമ്മേളനത്തിന്റെ ഉദ്ഘാടനം നുവാൽസ് വൈസ് ചാൻസലർ പ്രഫ. ഡോ. കെ.സി. സണ്ണി നിർവഹിക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ് കെ. ജയൻ നിർവഹിക്കും. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
കാർമൽ സിഎംഐ സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിജൻ പോൾ ഉൗന്നുകല്ലേൽ, മാനേജർ ഫാ. ജോർജ് തടത്തിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, മഞ്ഞളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുക്കും.
സമാപന സമ്മേളനം 14ന് വൈകുന്നേരം 4.30ന് ചലചിത്രതാരം ജഗദീഷ് ഉദ്ഘാടനംചെയ്യും. എംഎൽഎമാരായ പി.ജെ. ജോസഫ്, എൽദോ ഏബ്രഹാം, ഫിനാൻസ് കമ്മിറ്റി കണ്വീനർ കെ.എം. ഹാരിസ്, മാനേജ്മെന്റ് അസോസിയേഷൻ ട്രഷറർ ഏബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിലെ 1,400 സിബിഎസ്ഇ സ്കൂളുകളിൽനിന്നായി എണ്ണായിരത്തോളം മത്സരാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 21 സ്റ്റേജുകളിലായി അഞ്ച് കാറ്റഗറികളിലായി 144 ഇനം മത്സരങ്ങളാണു നടത്തുന്നത്. കാർമൽ പബ്ലിക് സ്കൂളിനു പുറമേ ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്കൂൾ, ചാവറ ഇന്റർനാഷണൽ അക്കാഡമി എന്നിവിടങ്ങളിലാണ് മത്സരവേദികൾ.
സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് ഇന്നു വാഴക്കുളത്തു തുടക്കം
11:43 PM Nov 13, 2019 | Deepika.com