കൊച്ചി: കൊച്ചി കോർപറേഷനിലെ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. പള്ളുരുത്തി കോണം ഡിവിഷൻ കൗണ്‍സിലർ കെ.ആർ. പ്രേംകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണിയാണ് എൽഡിഎഫ് സ്ഥാനാർഥി. ടി.ജെ. വിനോദ് ഉപതെരഞ്ഞെടുപ്പിൽ നിയമസഭാംഗമായതോടെയാണു ഡെപ്യുട്ടി മേയർ സ്ഥാനത്ത് ഒഴിവുണ്ടായത്.
മേയർ സൗമിനി ജെയിനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് ഭിന്നത രൂക്ഷമായതിനിടെയാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ ഇരുമുന്നണികളും ഇതിനോടകം കരുക്കൾ നീക്കിക്കഴിഞ്ഞു. മേയറെ നീക്കണമെന്ന ആവശ്യം കോണ്‍ഗ്രസിൽനിന്ന് ശക്തമായിരുന്നു. ഇക്കാര്യം കെപിസിസിയുടെ പരിഗണനയിലിരിക്കെയാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫ് 37, എൽഡിഎഫ് 34, ബിജെപി രണ്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. വോട്ടെടുപ്പിൽ ബിജെപി വിട്ടുനിന്നേക്കും. മേയറെ നീക്കിയാൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുമെന്നു കോണ്‍ഗ്രസ് കൗണ്‍സിലർ ജോസ് മേരിയും സ്വതന്ത്രയായ ഗീത പ്രഭാകറും മുൻപ് അറിയിച്ചിരുന്നു. അംഗങ്ങൾക്ക് യുഡിഎഫ് വിപ്പ് നൽകിയിട്ടുണ്ടെന്നാണു വിവരം.
കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഇന്ന്
12:15 AM Nov 13, 2019 | Deepika.com