കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ അയൽക്കാരായ തമിഴ്നാടിനെതിരേ കേരളത്തിന്റെ ഗോളാറാട്ട്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. ഇതോടെ കേരളം ഫൈനാൽ റൗണ്ടിൽ. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മുൻ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് കളിക്കുന്നത്. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തകർത്തായിരുന്നു കേരളത്തിന്റെ തേരോട്ടം.
തമിഴ്നാടിനെതിരേ ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിലായിരുന്നു കേരളം. ഇരുപത്തിനാലാം മിനിറ്റിൽ വിഷ്ണുവാണ് കേരളത്തിനു വേണ്ടി ആദ്യ ഗോൾ നേടിയത്. ജിജോയുടെ പാസിൽനിന്നായിരുന്നു ഗോൾ. 33-ാം മിനിറ്റിൽ ജിതിൻ കേരളത്തിന്റെ ലീഡുയർത്തി. ഒറ്റയാൾ മുന്നേറ്റത്തിലൂടെയായിരുന്നു ഗോൾ. 45-ാം മിനിറ്റിൽ ജിതിൻ ടീമിന്റെ മൂന്നാം ഗോൾ വലയിലായി. 83-ാം മിനിറ്റിൽ മൗസുഫാണ് നാലാം ഗോൾ നേടിയത്.
ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ജിജോ അഞ്ചാം ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ എമിൽ ആറാമത്തെ ഗോളും പൂർത്തിയാക്കുകയായിരുന്നു.
ദക്ഷിണമേഖല യോഗ്യതാ റൗണ്ടിലെ എ ഗ്രൂപ്പിൽ രണ്ട് ജയത്തിലൂടെ കേരളം ആറ് പോയിന്റ് സ്വന്തമാക്കി. ഗ്രൂപ്പ് ചാന്പ്യന്മാരായാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
സന്തോഷഗോളാറാട്ട്
11:11 PM Nov 09, 2019 | Deepika.com