കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡോ. പി.എ. അലക്സാണ്ടർ സ്മാരക പുരസ്കാരത്തിന് പ്രമുഖ സൈക്യാട്രിസ്റ്റ് പ്രഫ. ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ അർഹനായി. ഐഎംഎ അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസിനും ഐഎംഎ കേരള ഘടകത്തിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണു ഡോ. റോയിയെ പ്രഭാഷണ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ, സെക്രട്ടറി ഡോ. എൻ. സുൾഫി, അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. വി.ജി. പ്രദീപ്കുമാർ എന്നിവർ അറിയിച്ചു.
നവംബർ പത്തിന് തൊടുപുഴയിൽ നടക്കുന്ന ഐഎംഎ സംസ്ഥാന വാർഷിക സമ്മേളനത്തിൽ പുരസ്കാരം നൽകും. ഡോ. ഇ.കെ. ഉമ്മർ, ഡോ. സി. ജോണ് പണിക്കർ, ഡോ. പി. ഹരീന്ദ്രബാബു എന്നിവരും അവാർഡ് നിർണയ സമിതിയിൽ അംഗങ്ങളായിരുന്നു.
ലോക സൈക്യാട്രിക് അസോസിയേഷൻ അന്താരാഷ്ട്ര സെക്രട്ടറി ജനറലും വേൾഡ് അസോസിയേഷൻ ഫോർ സോഷ്യൽ സൈക്യാട്രിയുടെ പ്രസിഡന്റുമാണ് ഡോ. റോയി. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം തലവനും പ്രഫസറുമായ ഇദ്ദേഹം പാലാ കള്ളിവയലിൽ പരേതനായ കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്.
ഡോ. റോയി ഏബ്രഹാം കള്ളിവയലിന് ഐഎംഎ പുരസ്കാരം
11:57 PM Nov 08, 2019 | Deepika.com