തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ശ്രീകുമാർ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും മോശക്കാരിയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും മഞ്ജു മൊഴി നൽകിയെന്നാണു വിവരം. തൃശൂർ ക്രൈം ബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസനാണു മൊഴി രേഖപ്പെടുത്തിയത്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടരുക തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണു മഞ്ജുവിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുമോയെന്നു ഭയമുണ്ടെന്നുമാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരിൽ കണ്ടു നൽകിയ പരാതിയിൽ മഞ്ജു വാര്യർ ആരോപിച്ചിരുന്നത്. തനിക്കൊപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.
ഒടിയൻ എന്ന സിനിമയ്ക്കു ശേഷം തനിക്കുനേരേ നടക്കുന്ന ഗൂഢാലോചനയിൽ ശ്രീകുമാർ മേനോനും സുഹൃത്തിനും പങ്കുണ്ടെന്നും മഞ്ജു ആരോപിച്ചിരുന്നു. ആരോപണങ്ങൾക്കു ഫോട്ടോയും ടെലിഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളും മഞ്ജു ഡിജിപിക്കു കൈമാറിയതായി പറയുന്നു.
മഞ്ജു വാര്യരുടെ മൊഴിയെടുത്തു
01:31 AM Oct 28, 2019 | Deepika.com