തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിനു ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷാ വിജ്ഞാപനം നവംബർ അവസാനത്തോടെ പിഎസ്സി പ്രസിദ്ധീകരിച്ചേക്കും. അടുത്ത വർഷം ജൂണിൽ പരീക്ഷ ആരംഭിച്ച് നാലു മാസം കൊണ്ട് പരീക്ഷ പൂർത്തിയാക്കുന്നതിനാണ് പിഎസ്സി ഉദ്ദേശിക്കുന്നത്. വിവിധ ഘട്ടങ്ങളിലായാകും പരീക്ഷ നടത്തുക.
2020 ഡിസംബറിൽ സാധ്യതാ പട്ടിക തയാറാക്കി 2021 ഏപ്രിൽ മാസത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന വിധത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് പിഎസ്സി ഉദ്യേശിക്കുന്നത്. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി 2021 ഏപ്രിൽ ഒന്നിനു അവസാനിക്കും. ഈ പട്ടികയുടെ പകുതി കാലാവധി പൂർത്തിയാക്കി കഴിഞ്ഞു.
2016 നവംബറിലാണ് കഴിഞ്ഞ എൽഡി ക്ലാർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 17.94 ലക്ഷം ഉദ്യോഗാർഥികളാണ് അന്ന് അപേക്ഷിച്ചിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണം 22 ലക്ഷം കവിയുമെന്നാണ് കരുതുന്നത്. പൊതുവിഭാഗത്തിലുള്ളവരുടെ ഉയർന്ന പ്രായപരിധി 36 വയസും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കു 39 വയസും എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കു 41 വയസും ആണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാകും പ്രായം നിശ്ചയിക്കുക.
എസ്എസ്എൽസി തന്നെയാകും ഇത്തവണയും അടിസ്ഥാന യോഗ്യത. എൽഡി ക്ലാർക്ക് യോഗ്യത എസ്എസ്എൽസിയിൽ നിന്നും പ്ലസ്ടുവാക്കി ഉയർത്തിയിരുന്നെങ്കിലും സ്പെഷൽ റൂൾ അംഗീകരിച്ചിരുന്നില്ല. അതിനാൽ 2013ൽ പ്രത്യേക ഉത്തരവിറക്കിയാണ് എസ്എസ്എൽസി അടിസ്ഥാന യോഗ്യതയാക്കി എൽഡി ക്ലാർക്ക് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത്. സ്പെഷൾ റൂൾ ഭേദഗതി ചെയ്യുന്നതുവരെ എസ്എസ്എൽസി അടിസ്ഥാന യോഗ്യതയാക്കി നിയമനം നടത്താൻ പിഎസ്സിക്കു അധികാരം നൽകുന്നതായിരുന്നു 2013ലെ ഉത്തരവ്. 2018 ഏപ്രിൽ രണ്ടിനാണ് നിലവിലുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്നുവർഷമാണ് ഈ റാങ്ക് പട്ടികയുടെ കാലാവധി.
പിഎസ്സി നടത്തുന്നതിൽ ഏറ്റവും മത്സരമുള്ള പരീക്ഷയാണ് എൽഡി ക്ലാർക്ക് പരീക്ഷ. സീനിയർ ക്ലാർക്ക്, ഹെഡ്ക്ലാർക്ക്, സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നങ്ങനെ പ്രമോഷനുകൾ ലഭിക്കുന്ന തസ്തികയാണ് എൽഡി ക്ലാർക്ക്.
റിച്ചാർഡ് ജോസഫ്
എൽഡി ക്ലാർക്ക് വിജ്ഞാപനം നവംബർ അവസാനത്തോടെ
01:18 AM Oct 28, 2019 | Deepika.com