മങ്കൊന്പ് (ആലപ്പുഴ): ചുണ്ടൻ വള്ളങ്ങളുടെ അഭിമാനപ്പോരാട്ടം നടന്ന കൈനകരിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ(ട്രോപ്പിക്കൽ ടൈറ്റൻസ്) ചാന്പ്യൻസ് ബോട്ട് ലീഗിൽ ഇരട്ട ഹാട്രിക് നേടി ഒന്നാം സ്ഥാനം നിലനിർത്തി. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ(റേജിംഗ് റോവേഴ്സ്) രണ്ടാം സ്ഥാനവും യുബിസി കൈനകരി തുഴഞ്ഞ ചന്പക്കുളം ചുണ്ടൻ(കോസ്റ്റ് ഡോമിനേറ്റേഴ്സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സിബിഎലിലെ ആദ്യ നാലുമത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം കൊച്ചി മറൈൻഡ്രൈവിൽ മാത്രമാണ് പരാജയമറിഞ്ഞത്. കൈനകരി പന്പയാറ്റിൽ നടന്ന മത്സരത്തിൽ 4:07.21 മിനിറ്റ് കൊണ്ട് നടുഭാഗം തുഴഞ്ഞെത്തിയപ്പോൾ കാരിച്ചാൽ 4:13.21 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്തു. ഹോംട്രാക്കിൽ ചന്പക്കുളം 4:16.04 സമയംകൊണ്ട് ഫിനിഷ് ചെയ്തു. ഹീറ്റ്സിലും ഫൈനൽ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:00.93 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടനു നെരോലാക് എക്സെൽ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ സ്ഥാനവും ബോണസായി അഞ്ചു പോയിന്റും ലഭിച്ചു.
എട്ട് മത്സരങ്ങൾ പിന്നിടുന്പോൾ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) 113 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ(റേജിംഗ് റോവേഴ്സ്) 55 പോയിന്റുമായി രണ്ടാം സ്ഥാനത്തും എൻസിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ചന്പക്കുളം ചുണ്ടൻ(കോസ്റ്റ് ഡോമിനേറ്റേഴ്സ്) 49 പോയിന്റുമായി നാലാം സ്ഥാനത്താണ്. 40 പോയിന്റുമായി ഗബ്രിയേൽ (ബാക്ക് വാട്ടർ നൈറ്റ്സ്) അഞ്ചാം സ്ഥാനത്തേക്കെത്തി. 38 പോയിന്റുമായി വീയപുരം (പ്രൈഡ് ചേസേഴ്സ്) ആറാം സ്ഥാനത്താണ്.
പായിപ്പാടൻ (ബാക്ക് വാട്ടർ വാരിയേഴ്സ്) 23 പോയിന്റുമായി ഏഴാം സ്ഥാനത്തും, മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (തണ്ടർ ഓർസ്) 22 പോയിന്റുമായി എട്ടാം സ്ഥാനത്തും തുടരുന്നു. സെൻറ് ജോർജ് (ബാക്ക് വാട്ടർ നിൻജ15 പോയിന്റ്) ഒന്പതാം സ്ഥാനത്താണ്.
സംസ്ഥാന ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ കൈനകരിയിലെ മത്സരങ്ങൾ ഉദ്ഘാടനംചെയ്തു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംസ്ഥാന ടൂറിസം ഡയറക്ടർ പി. ബാലകിരണ്, സി.കെ. സദാശിവൻ എന്നിവർ വള്ളം കളി കാണാനെത്തിയിരുന്നു. ആലപ്പുഴയിലെ പുളിങ്കുന്നിൽ നവംബർ രണ്ടിനാണ് ഒന്പതാം മത്സരം.
എട്ടാം മത്സരത്തിലും പള്ളാത്തുരുത്തി; നടുഭാഗം ചുണ്ടന് സിബിഎലിൽ ഇരട്ട ഹാട്രിക്
12:40 AM Oct 27, 2019 | Deepika.com