തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനു ധനസഹായം നൽകാനുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ് പദ്ധതിക്കു തുടക്കമായി.
അർഹത ആർക്ക്?
കുറഞ്ഞതു രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തു തിരികെയെത്തിയിട്ടുള്ള ഇസിആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും നിലവിൽ വിദേശത്തു ജോലി ചെയ്യുന്ന മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ മക്കൾക്കുമാണു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാർഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്കു താഴെയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശത്തു ജോലി ചെയ്യുന്നവർക്കു നോർക്ക റൂട്ട്സിന്റെ ഇൻഷ്വറൻസ് കാർഡോ, ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ ഉണ്ടായിരിക്കണം.
കോഴ്സുകൾ
ബിരുദാനന്തര ബിരുദ കോഴ്സുകൾ (ആർട്സ്/ സയൻസ് വിഷയങ്ങളിൽ), എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഫാം, ബിഎസ്സി നഴ്സിംഗ്, ബിഎസ് സിഎംഎൽടി, എൻജിനിയറിംഗ്, അഗ്രിക്കൾച്ചർ, വെറ്ററിനറി ബിരുദ കോഴ്സുകൾക്ക് 2019-20 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പഠിക്കുന്ന കോഴ്സുകൾക്കു വേണ്ട യോഗ്യതാ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണു സ്കോളർഷിപ്പ് നൽകുക.
ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരിൽ ബിരുദത്തിനു സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന് മുകളിലും ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനത്തിനു മുകളിലും മാർക്ക് നേടിയാൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രഫഷണൽ ബിരുദ കോഴ്സിന് പഠിക്കുന്നവർ പ്ലസ്ടുവിന് 75 ശതമാനം മാർക്കിനു മുകളിൽ നേടണം. റെഗുലർ കോഴ്സുകൾക്കു പഠിക്കുന്നവർക്കു മാത്രമേ സ്കോളർഷിഷ് ലഭിക്കൂ. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷാഫോം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www. norka roots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 വിലാസത്തിൽ നവംബർ 30നകം ലഭിക്കണം.
വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽനിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ് പദ്ധതി
11:28 PM Oct 26, 2019 | Deepika.com