കോട്ടയം: ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിലെ മികവിന് ആദരമായി യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് നൽകിയ അംഗത്വം സ്പെയിനിലെ മാഡ്രിഡിൽ നടന്ന ചടങ്ങിൽ എംജി വൈസ് ചാൻസലറും പ്രമുഖ പോളിമർ - നാനോ സയൻസ് ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസ് സ്വീകരിച്ചു.
അക്കാദമി പ്രസിഡന്റ് പ്രഫ. റൊഡ്രിഗോ മാർട്ടിൻസ്, വൈസ് പ്രസിഡന്റ് പ്രഫ. അലൈൻ ട്രെഷൗദ് എന്നിവർ ചേർന്നാണ് അംഗത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. നൊബേൽ, ഫീൽഡ്സ് മെഡൽ, വൂൾഫ് പ്രൈസ്, ആബൽ പ്രൈസ് ജേതാക്കളും ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും അംഗമായ സ്വതന്ത്ര രാജ്യാന്തര സമിതിയാണ് യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ്. കെമിസ്ട്രി ഡിവിഷനിൽ പ്രഫ. സാബു തോമസിന് മാത്രമാണ് അംഗത്വം ലഭിച്ചിട്ടുള്ളത്. ഈ മേഖലയിൽ ഇന്ത്യയിൽ നിന്നു അംഗത്വം ലഭിക്കുന്ന രണ്ടാമത്തെയാളാണ് പ്രഫ. സാബു തോമസ്.
ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുമായി ഗവേഷണബന്ധം സ്ഥാപിക്കാനും സർവകലാശാലയ്ക്ക് ഗവേഷണ മേഖലയിൽ നേട്ടം കൈവരിക്കാനും യൂറോപ്യൻ അക്കാദമി ഓഫ് സയൻസസിന്റെ അംഗത്വം പ്രയോജനപ്പെടും. സ്കോപസ് ഇൻഡക്സ്ഡ് ജേർണലുകളുടെ ആയിരത്തിലധികം പബ്ലിക്കേഷനുകളും എച്ച് ഇൻഡക്സിലെ 96-ാം സ്ഥാനവും 43003 സൈറ്റേഷനുകളുമടക്കം അക്കാദമിക മികവുകൾ അടിസ്ഥാനമാക്കിയാണ് അംഗത്വത്തിന് തിരഞ്ഞെടുത്തത്.
പ്രഫ. സാബു തോമസ് യൂറോപ്യൻ അക്കാദമി ഓഫ് സയൻസസിന്റെ അംഗത്വം സ്വീകരിച്ചു
11:36 PM Oct 23, 2019 | Deepika.com