പാന്പാടി: വെള്ളൂർ ഏഴാം മൈലിന് സമീപം തനിച്ചു താമസിക്കുന്ന അമ്മയെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നപ്പൻ സിറ്റി മണ്ണുകുളങ്ങര വല്‍സമ്മ (80), മകൾ മിനി (50) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസമായി വീട്ടിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ടു സംശയം തോന്നിയ അയൽക്കാർ ഇന്നലെ വൈകുന്നേരം ആറരയോടെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. അമ്മ നിലത്തും മകളെ ഉത്തരത്തിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വീടിനു പോലീസ് കാവൽ ഏർപ്പെടുത്തി. രാത്രിയായതിനാൽ ഇൻക്വസ്റ്റ് നടപടികൾ ഇന്നു രാവിലെയേ നടക്കുകയുള്ളു.
ആത്മഹത്യയാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. വിരലടയാള, സയന്റിഫിക് വിദഗ്ധർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ മൃതദേഹങ്ങൾ മാറ്റുകയുള്ളു. മരിച്ച അമ്മയ്ക്കും മകൾക്കും അയൽവാസികളുമായി അധികം ബന്ധമില്ലെന്നു പറയുന്നു. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.
അമ്മയും മകളും വീട്ടിൽ മരിച്ചനിലയിൽ
11:16 PM Oct 23, 2019 | Deepika.com