കൊച്ചി: എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് കൊച്ചി കോർപറേഷന്റെ കഴിവുകേടാണെന്നും കൗണ്‍സിൽ പിരിച്ചുവിടാൻ സർക്കാർ ധൈര്യം കാണിക്കണമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനം. നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറിയായ അഭിഭാഷകൻ ഇന്നലെ സിംഗിൾ ബെഞ്ചിൽ ഹാജരായി നഗരം വെള്ളത്തിൽ മുങ്ങിയ സ്ഥിതി വിശദീകരിച്ചശേഷമാണ് കൊച്ചി കോർപറേഷനെ കോടതി രൂക്ഷമായി വിമർശിച്ചത്.
കേരള മുനിസിപ്പാലിറ്റി ആക്ട് 64 പ്രകാരം കോർപറേഷൻ കൗണ്‍സിൽ സർക്കാർ പിരിച്ചുവിടാത്തതെന്താണെന്നു ചോദിച്ച സിംഗിൾ ബെഞ്ച്, ഇന്നു രാവിലെ അഡ്വക്കറ്റ് ജനറൽ ഹാജരാകാനും നിർദേശിച്ചു. കൗണ്‍സിൽ പിരിച്ചുവിടാൻ മറ്റൊരു കേസിൽ മറ്റൊരു ബെഞ്ചും പറഞ്ഞിട്ടുണ്ടെന്നും ഹർജി പരിഗണിക്കവേ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനം ഇത്തരത്തിൽ പ്രവർത്തിച്ചാൽ എന്താണു ചെയ്യേണ്ടതെന്നു സർക്കാരിന് അറിയില്ലേ എന്നു ചോദിച്ച ഹൈക്കോടതി കോർപറേഷൻ കഴിവുകെട്ടതാണെങ്കിൽ സർക്കാർ ഇടപെടുകയാണു വേണ്ടതെന്നും പറഞ്ഞു. നഗരം നശിക്കുന്ന സ്ഥിതിയായിട്ടും ജനങ്ങൾ എന്തുകൊണ്ടാണ് ഇതിനെതിരേ മുന്നോട്ടുവരാത്തത്. ജനങ്ങൾ ഇടപെടാത്തതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു.
കോർപറേഷൻ കൗണ്‍സിൽകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നു കോടതി ചോദിച്ചു. ഇവരെ ഒഴിവാക്കി ഏതെങ്കിലും പ്രഫഷണലുകളെ ഏൽപ്പിച്ചാൽ പോലും കാര്യങ്ങൾ ഭംഗിയായി നടത്തും. കഴിഞ്ഞ പ്രളയത്തിൽനിന്ന് ഒന്നും പഠിച്ചില്ല. ഇത്തരം മഴ നാം എങ്ങനെ നേരിടും. മഴ പെയ്തു തോർന്നിട്ടും കുറേ ആളുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. സർക്കാർ എന്താണു ചെയ്യുന്നത്. ഇതു പ്രളയമല്ല, മഴയാണ്. ഇക്കണക്കിന് പ്രളയമുണ്ടായാൽ എന്തു ചെയ്യും. പാവങ്ങൾ വെള്ളക്കെട്ടിൽതന്നെ ജീവിക്കേണ്ടിവരും.
കൊച്ചി നഗരത്തെ സിംഗപ്പൂരാക്കുമെന്നു പറയുന്നു. സിംഗപ്പൂരൊന്നും ആക്കേണ്ട, കൊച്ചിയാക്കിയാൽ മതി. പാവപ്പെട്ടവരെ മറക്കരുത്. ഏറെക്കാലമായി കോർപറേഷനിൽ അധികാരത്തിലുള്ളവർ ഒന്നും ചെയ്യുന്നില്ല. കലൂരിലെ കെഎസ്ഇബി സബ് സ്റ്റേഷൻ വർഷം തോറും വെള്ളത്തിൽ മുങ്ങുന്നു. ഇങ്ങനെ എല്ലാവർഷവും സബ് സ്റ്റേഷൻ മുങ്ങണമെന്നാണോ? ഇക്കാര്യത്തിൽ കെഎസ്ഇബിയുടെ അഭിഭാഷകൻ വിശദീകരണം നൽകണമെന്നും കോടതി വാക്കാൽ പറഞ്ഞു.
പേരണ്ടൂർ കനാലിലെ നീരൊഴുക്ക് തടസപ്പെട്ടത് പനന്പിള്ളിനഗർ, കലൂർ, കതൃക്കടവ്, എളമക്കര തുടങ്ങി നഗരത്തിലെ പ്രധാന മേഖലകളിൽ വെള്ളക്കെട്ടുണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. വിഷയം ഇന്നു വീണ്ടും പരിഗണിക്കും.
വെള്ളക്കെട്ട്: കൊച്ചി കോർപറേഷനെതിരേ ഹൈക്കോടതി
12:53 AM Oct 23, 2019 | Deepika.com