തിരുവനന്തപുരം: ലാഭത്തിൽ പ്രവർത്തിക്കുന്ന നവരത്ന കന്പനികളിലൊന്നായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനെ (ബിപിസിഎൽ) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.
പാർലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം പോലും തേടാതെയാണു രാജ്യത്തിന്റെ അഭിമാന സംരംഭങ്ങളിലൊന്നായ ബിപിസിഎലിനെ വിൽക്കാൻ പോകുന്നത്. മുൻപ് 51 ശതമാനം ഓഹരികൾ കൈവശം വച്ച് ഉടമസ്ഥാവകാശം നിലനിർത്തിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റിരുന്നത്. എന്നാൽ, ഇതടക്കം അഞ്ചു കന്പനികളുടെ ഓഹരികൾ പൂർണമായി വിൽക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.
20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കൊച്ചിയിലെ ബിപിസിഎൽ റിഫൈനറിയിൽ നടന്നു വരുന്നത്. അതെല്ലാം തകിടംമറിയുമെന്ന ആശങ്കയുമുണ്ട്. കൊച്ചി റിഫൈനറിക്കു സമീപം വൻകിട പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാന സർക്കാർ ഇവിടെ പ്രതീക്ഷിക്കുന്നത്. ബിപിസിഎൽ വിൽപ്പന ഇതിനെയും അനിശ്ചിതത്വത്തിലാക്കുമെന്നും കത്തിൽ പറയുന്നു.
ബിപിസിഎൽ വിൽപനയിൽ നിന്നു പിൻമാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ബിപിസിഎൽ വില്പന ഉപേക്ഷിക്കണം: പ്രധാനമന്ത്രിക്കു ചെന്നിത്തലയുടെ കത്ത്
01:26 AM Oct 21, 2019 | Deepika.com