നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു തട്ടിപ്പിനു ശ്രമം. നിരവധി ഏജൻസികളും വ്യക്തികളും ഉദ്യോഗാർഥികളെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും സിയാൽ അധികൃതർ മുന്നറിയിപ്പ് നൽകി.
സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകൾ ഒഴിവുണ്ടെന്നും അതിനായി തങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ചു ചില ഏജൻസികളും തൊഴിൽരംഗത്തു പ്രവർത്തിക്കുന്ന വെബ്സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്. പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കിൽ നിശ്ചിതതുക ഈ ഏജൻസികൾ ഉദ്യോഗാർഥികളിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിരവധി അന്വേഷണങ്ങളാണ് ദിവസവും സിയാലിൽ ലഭിക്കുന്നത്.
നിലവിൽ സിയാലിലോ ഉപസ്ഥാപനങ്ങളിലോ ഒഴിവുകളില്ല. ഭാവിയിൽ ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. www.cial.aero എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഇതു സംബന്ധിച്ച് അറിയിപ്പുണ്ടാകും.
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ pro@cial.aero എന്ന ഇ-മെയിലിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
സിയാലിൽ തൊഴിൽ വാഗ്ദാനവുമായി വ്യാജ ഏജൻസികൾ; ജാഗ്രത പാലിക്കണം
12:50 AM Oct 21, 2019 | Deepika.com