തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവർത്തിക്കാനുള്ളതല്ല ഭരണഘടനയെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയുടെ പ്രസ്താവന രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണ്. മാർക്ക് ദാനത്തിൽ തെളിവുസഹിതം പിടിക്കപ്പെട്ടപ്പോൾ പുകമറ സൃഷ്ടിക്കാനുള്ള മന്ത്രി ജലീലിന്റെ പാഴ്ശ്രമങ്ങളാണിത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ജലീലിന് മന്ത്രിക്കസേരയിൽ തുടാൻ യോഗ്യതയില്ല.
തോറ്റ കുട്ടികൾക്കു മാർക്ക് ദാനം നൽകി അവരെ ജയിപ്പിക്കുകവഴി വിദ്യാഭ്യാസ മേഖലയുടെ അന്തസും നിലവാരവും തകർക്കുകയാണു മന്ത്രി ചെയ്തത്. നിരന്തരമായി സ്വജനപക്ഷപാതവും ക്രമവിരുദ്ധമായ നടപടികളും നടത്തുന്ന മന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചട്ടം ലംഘിക്കുമെന്ന ജലീലിന്റെ വെല്ലുവിളി ഭരണഘടനാലംഘനം: മുല്ലപ്പള്ളി
12:50 AM Oct 21, 2019 | Deepika.com