തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന മാര്‍ക്ക് കുംഭകോണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇവയെല്ലാം വിശദീകരിച്ചു ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്‍കിയതായി ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മാര്‍ക്കുദാനവും സര്‍വകലാശാലകളില്‍ അദ്ദേഹം നടത്തുന്ന ഇടപെടലുകളും പൂര്‍ണമായും തെറ്റാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാര്‍ ഡോ. രാജന് ഗുരുക്കള്‍ തുറന്നു പറഞ്ഞതോടെ മന്ത്രിക്ക് ഒരു നിമിഷം പോലും ഇനി അധികാരത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
മുഖ്യമന്ത്രി ചെയര്‍മാനായിരിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനാണ് ഇപ്പോള്‍ സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. മന്ത്രിയുടെ ഇടപെടല്‍ ശരിയല്ലെന്നു മാത്രമല്ല അപകടകരവും സര്‍വകലാശാലകളുടെ ഗുണനിലവാരത്തെ ഇടിച്ചു താഴ്ത്തുന്നതുമാണെന്നാണു രാജന് ഗുരുക്കള്‍ പറഞ്ഞത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണു രാജന് ഗുരുക്കളുടെ പ്രതികരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ധാര്‍മികത അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ഉടന്‍ രാജിവയ്ക്കണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ജോലി. അതു നിരര്‍ഥകമാക്കുന്നതാണ് മാര്‍ക്ക് ദാനം. മാര്‍ക്ക് ദാനം ചെയ്യുക വഴി സര്‍വകലാശാലകളുടെ ഗുണനിലവാരവും അന്തസും മന്ത്രി കെ.ടി. ജലീല്‍ തകര്‍ത്തിരിക്കയാണ്. വൈസ് ചാന്‍സലര്‍മാര്‍ മന്ത്രിയുടെ താളത്തിനൊത്തുതുള്ളുന്ന പരിതാപകരമായ അവസ്ഥയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മാര്‍ക്ക് കുംഭകോണം ;ജുഡീഷല്‍ അന്വേഷണം വേണമെന്നു ചെന്നിത്തല
12:37 AM Oct 20, 2019 | Deepika.com