കൊച്ചി: വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ പൊതുവിവരാവകാശ ഓഫീസര്‍മാര്‍ വിവരാവകാശ കമ്മീഷന്റെ ഹിയറിംഗില്‍ കാരണം കാണിക്കാതെ ഹാജരാകാതിരിക്കുന്നതു കുറ്റകരമാണെന്നും ഇതിനെതിരേ നടപടിയെടുക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്. ഇന്നലെ എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടത്തിയ ഹിയറിംഗില്നിന്നു വിട്ടുനിന്ന എറണാകുളം വില്ലേജ് ഓഫീസ്, കൊച്ചി കോര്പറേഷന് ഓഫീസ്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കമ്മീഷന് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി വിശദീകരണം തേടും.
വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നു കമ്മീഷണര്‍ പറഞ്ഞു. കൊച്ചി കോര്പറേഷന് മുഖ്യകാര്യാലയത്തിലെ പൊതുവിവരാവകാശ ഓഫീസര്‍ തുടര്‍ച്ചയായി രണ്ടാംതവണയാണു ഹിയറിംഗില്നിന്നു വിട്ടുനില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വിവരാവകാശ നിയമത്തെയും കമ്മീഷനെയും ധിക്കരിക്കുന്നതു ഗൗരവത്തോടെയാണു കാണുന്നത്.
ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം വിവരങ്ങള്‍ മറച്ചുവയ്ക്കുകയും അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കും വിധം മറുപടി നല്‍കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. ചോദിക്കുന്ന വിവരങ്ങളും രേഖകളും ലഭ്യമല്ലെന്നു വെറുതെ മറുപടി നല്കുന്ന രീതിയും ശരിയല്ല.
ഓഫീസിലുണ്ടായിരിക്കേണ്ട ഫയലുകള്‍ ലഭ്യമല്ല എന്നു പറയാന്‍ പാടില്ലെന്നും അത്തരം രേഖകള്‍ കണ്ടുപിടിച്ചു നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും അടുത്തയിടെ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരാവകാശ ഓഫീസര്‍മാര്‍ ഹിയറിംഗിനു ഹാജരാകാത്തതു കുറ്റകരം: കമ്മീഷന്
06:56 AM Oct 19, 2019 | Deepika.com