കൊച്ചി: കടലിലെ കാഴ്ചകൾ കരയിലൊരുക്കിയുള്ള ഓഷ്യാനോസ് അണ്ടർ വാട്ടർ ടണൽ എക്സ്പോയ്ക്ക് ഇന്ന് എറണാകുളത്തപ്പൻ മൈതാനത്ത് തുടക്കമാകും. നീൽ എന്റർടെയ്ൻമെന്റ് സംഘടിപ്പിക്കുന്ന 31 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനമാണിത്. ആറര കോടി രൂപ ചെലവിട്ട് 200 അടി നീളത്തിൽ നിർമിച്ച അക്വേറിയം ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാഴ്ചകൾ കാണത്തക്കവിധമാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് നീൽ എന്റർടെയ്ൻമെന്റ് മാനജിംഗ് ഡയറക്ടർ കെ.കെ. നിമൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമുദ്രപഠനം നടത്തുന്നവർക്കും ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്കും എക്സ്പോ പ്രയോജനം ചെയ്യും. ഓരോയിനം മത്സ്യങ്ങളുടെയും ജീവിതചക്രത്തേയും സ്വഭാവത്തെയും ചുറ്റുപാടുകളെയും അടിസ്ഥാനപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 80 കിലോഗ്രാം ഭാരമുള്ള, ആമസോണിൽ മാത്രം കണ്ടുവരുന്ന അരപൈമ, പിന്നോട്ട് സഞ്ചരിക്കുന്ന അബാബ, രാത്രിസമയങ്ങളിൽ കരയുന്ന റെഡ് ക്വാറ്റ് ഫിഷ്, ചീങ്കണ്ണി രൂപത്തിലുള്ള അലിഗേറ്റർ എന്നിവ പ്രദർശനത്തിലെ പ്രധാന ആകർഷകങ്ങളാണ്.
ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും സംയുക്താമേനോനുമൊപ്പം എടക്കാട് ബെറ്റാലിയൻ 06 സിനിമാ ടീം ഇന്ന് രാത്രി ഏഴിന് എക്സ്പോയുടെ ഉദ്ഘാടനം നിർവഹിക്കും. 60 രൂപ, 110 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയുമായിരിക്കും പ്രദർശനം. ഓപ്പറേഷൻ ഹെഡ് ആർച്ച ഉണ്ണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അണ്ടർ വാട്ടർ ടണൽ എക്സ്പോ ഇന്നു തുടങ്ങും
11:26 PM Oct 17, 2019 | Deepika.com