തിരുവനന്തപുരം: സംസ്ഥാനത്തു സൗജന്യ ഇന്റർനെറ്റ് കണക്ഷൻ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന കെ-ഫോണ് പദ്ധതിക്ക് കേബിൾ സ്ഥാപിക്കുന്ന ജോലികൾ അടുത്തമാസം ആരംഭിക്കും. ബിപിഎൽ കുടുംബങ്ങൾക്കും സ്കൂളുകൾ അടക്കമുള്ള സർക്കാർ ഓഫിസുകൾക്കുമാണു കെ- ഫോണ് പദ്ധതി വഴി സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നത്.
കെഎസ്ഇബിയുമായി ചേർന്ന് കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാടസ്ട്രക്ചർ ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതിയിൽ അര ലക്ഷത്തിലധികം കിലോമീറ്റർ കേബിളാണ് സ്ഥാപിക്കുന്നത്. 1028.2 കോടി രൂപയുടെ പദ്ധതി അടുത്ത വർഷം യാഥാർഥ്യമാകും. പദ്ധതിക്കുള്ള ആദ്യഘട്ട സർവേ നടപടികൾ പൂർത്തിയായി.
വൈദ്യുതി ബോർഡിന്റെ പോസ്റ്റുകൾ വഴിയാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ഗുണനിലവാര പരിശോധനകൾക്കു ശേഷം ദക്ഷിണ കൊറിയയിൽ നിന്നാകും ഇതിനാവശ്യമായ കേബിളുകൾ എത്തിക്കുക. ഇതിനായുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചുകഴിഞ്ഞു. വീടുകളേയും ഓഫീസുകളെയും വിവിധ ശൃംഖലകളിലാക്കിയാകും കേബിൾ വഴി ബന്ധിപ്പിക്കുക. പദ്ധതിയുടെ കണ്ട്രോൾ റൂം ആയി പ്രവർത്തിക്കുന്ന നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്റർ കൊച്ചിയിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
രണ്ടുമാസത്തിനുള്ളിൽ സെന്റർ പ്രവർത്തന സജ്ജമാകും. കേബിൾ ശൃംഖലകൾ പൂർത്തിയാകുന്ന മുറയ്ക്ക് നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി ബന്ധപ്പെടുത്തി ഇന്റർനെറ്റ് കണക്്ഷൻ നൽക്കുന്നതിനുളള നടപടികളാണ് ആലോചിക്കുന്നത്. നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തന സജ്ജമാകുന്ന മുറയ്ക്കു തന്നെ കുറച്ചു ശൃംഖലകളെങ്കിലും പൂർത്തിയാക്കി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.പദ്ധതി നടപ്പാക്കുന്നതോടെ കെഎസ്ഇബി ലൈനിലൂടെ എത്തുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി എല്ലാ സർക്കാർ ഓഫീസുകളും ഇ- ഗവേണൻസ് സംവിധാനത്തിലേക്ക് മാറും. ഒപ്പം വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വീടുകളിൽ ഇന്റർനെറ്റ് നൽകുന്നതിന് മാസം എത്ര തുക ഈടാക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
കേബിൾ വഴി സംസ്ഥാനത്ത് വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുകയും ചെയ്യും. കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നുള്ള കന്പനിയാണ് പദ്ധതി പൂർണ രൂപത്തിലെത്തിക്കുന്നത്. 2016 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചതോടെയാണ് പ്രവർത്തനങ്ങൾ വേഗത്തിലായത്. റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സർവീസിനേക്കാൾ വലിയ പദ്ധതിയാണു സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇന്റർനെറ്റ് കണക്ഷൻ വ്യാപകമാക്കാനുള്ള കേബിൾ സ്ഥാപിക്കുന്ന ജോലികൾ അടുത്ത മാസം തുടങ്ങും
12:30 AM Oct 16, 2019 | Deepika.com