കൊച്ചി: കള്ളുഷാപ്പിന് അനുമതി നല്കുമ്പോള് സമീപവാസികള്‍ക്കുണ്ടാകുന്ന അസൗകര്യം പരമാവധി കുറയ്ക്കാന്‍ കഴിയുന്ന വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഷാപ്പിന്റെ പ്രവര്‍ത്തനം പലപ്പോഴും സമീപവാസികളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമായി മാറാറുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു.
ഇത്തരം ഷാപ്പുകള്‍ പ്രദേശവാസികള്‍ക്ക് ശല്യമായി മാറുന്ന സ്ഥിതിയുമുണ്ട്. പുട്ടസ്വാമി കേസില്‍ സ്വകാര്യതയെന്ന അവകാശത്തെ മൗലികാവകാശമായി കണക്കാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിസരവാസികളുടെ സ്വകാര്യത സംരക്ഷിക്കാതെ ഷാപ്പുകള്‍ അനുവദിക്കുന്നത് മൗലികാവകാശ ലംഘനമായി മാറുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്കി.
പട്ടാമ്പി റേഞ്ചിലെ ഒരു ഷാപ്പ് തന്റെ വീടിനടുത്തേക്ക് മാറ്റാന്‍ എക്സൈസ് അധികൃതര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് പട്ടാമ്പി വള്ളൂര്‍ സ്വദേശിനി വിലാസിനി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഷാപ്പ് വീടിനടുത്തേക്ക് മാറ്റുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കള്ളുഷാപ്പിനു സമീപത്തുള്ളവരുടെ സ്വകാര്യതയാണ് ഹര്‍ജിയിലെ പ്രശ്നമെന്ന് വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ദൂരപരിധി വ്യവസ്ഥ പാലിക്കാതെ ഷാപ്പുകള്‍ സ്ഥാപിക്കുന്നതായി ആക്ഷേപമുണ്ടെന്നും അഭിപ്രായപ്പെട്ടു.
കള്ളുഷാപ്പ് അനുമതി: സമീപവാസികളുടെ അസൗകര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി
12:28 AM Oct 16, 2019 | Deepika.com